ചാരക്കേസ് സത്യമെന്ന് സിബി മാത്യൂസ് മുൻകൂർ ജാമ്യം ഇന്ന് പരിഗണിക്കും

Wednesday 07 July 2021 1:30 AM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസ് സത്യമാണെന്ന് പ്രത്യേക അന്വേഷണസംഘത്തിന്റെ മുൻതലവനും ഗൂഢാലോചനക്കേസിലെ നാലാം പ്രതിയുമായ സിബി മാത്യൂസ് വെളിപ്പെടുത്തി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് ഇക്കാര്യമുള്ളത്.

ചാരക്കേസ് പ്രതികളായ മാലി ദ്വീപ് പൊലീസ് ഉദ്യോഗസ്ഥ മറിയം റഷീദ, സുഹൃത്ത് ഫൗസിയ ഹസൻ എന്നിവർക്ക് ഐ.എസ്.ആർ.ഒയിലെ ഉന്നത ശാസ്ത്രജ്ഞരുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. ഫൗസിയയ്‌ക്കും മറിയം റഷീദയ്‌ക്കും റഷ്യൻ സ്‌പെെസ് ഏജൻസി പ്രതിനിധിയായ ബംഗളൂരു സ്വദേശി ചന്ദ്രശേഖറുമായും ശാസ്ത്രജ്ഞൻ ശശികുമാറുമായും അടുത്ത ബന്ധമുണ്ടായിരുന്നു.

ഫൗസിയയും മറിയവും സ്‌ക്വാഡ്രൻ ലീഡർ കെ.എൽ. ബാസിനെ ബംഗളൂരു ആർമി ക്ളബിൽ കണ്ടിരുന്നു.

മറിയവും ഫൗസിയയും നടത്തിയ വെളിപ്പെടുത്തലുകളെ സംബന്ധിച്ച് കേസ് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐയോട് വ്യക്തമായി പറഞ്ഞിരുന്നെങ്കിലും ഗൗരവത്തിലെടുത്തില്ല. കൊളംബോ - ചെന്നെെ - തിരുവനന്തപുരം - മാലീദ്വീപ് കേന്ദ്രീകരിച്ചാണ് ചാരസംഘം പ്രവർത്തിച്ചിരുന്നത്. തങ്ങളുടെ കണ്ടെത്തലുകൾ ഐ.ബി ശരിവച്ചിരുന്നതായും ഹർജിയിൽ പറയുന്നു.

ഐ.ബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആർ.ബി. ശ്രീകുമാറിന്റെ നിർദ്ദേശപ്രകാരമാണ് മറിയത്തെയും ഫൗസിയ ഹസനെയും സ്മാർട്ട് വിജയൻ അറസ്റ്റ് ചെയ്തത്. 20 ദിവസമാണ് ചാരക്കേസ് അന്വേഷിച്ചത്. അന്വേഷണത്തിൽ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങളാണ് കണ്ടെത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ എന്ന നിലയിലുള്ള കർത്തവ്യമാണ് നിറവേറ്റിയത്.

ഇന്ത്യയുടെ ക്രയോജനിക് സാങ്കേതികവിദ്യ തകർക്കാനാണ് ചാരക്കേസുണ്ടാക്കിയതെന്ന വാദം ശരിയല്ല. കേസ് ആരംഭിക്കുന്നതിന് മുമ്പേ ഐ.എസ്.ആർ.ഒയിൽ നിന്ന് സ്വയം വിരമിക്കാൻ നമ്പി നാരായണൻ തീരുമാനിച്ചതിന്റെ തെളിവും സിബി മാത്യൂസ് കോടതിയിൽ ഹാജരാക്കി. കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ ചാരക്കേസിന്റെ മുഖം മറ്റൊന്നാകുമായിരുന്നെന്നും ഹർജിയിൽ പറയുന്നു. സിബി മാത്യൂസിന്റെ മുൻകൂർ ജാമ്യഹർജിയും നമ്പി നാരായണന്റെ എതിർഹർജിയും കോടതി ഇന്ന് പരിഗണിക്കും.

Advertisement
Advertisement