അങ്ങാടിപ്പുറത്തെ ഇമ്രാനും വേണം 18 കോടിയുടെ പുണ്യം

Wednesday 07 July 2021 1:50 AM IST

പെരിന്തൽമണ്ണ: കണ്ണൂർ മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കുള്ള 18 കോടിക്കായി മലയാളികൾ കൈകോർത്തതുപോലെ ആറ് മാസം പ്രായമായ ഇമ്രാൻ മുഹമ്മദിനും വേണം മലയാളികളുടെ കാരുണ്യ കൈതാങ്ങ്.

ഇമ്രാൻ മലപ്പുറം അങ്ങാടിപ്പുറത്തെ ഏറാന്തോട് മദ്രസപടിയിലെ ആലുങ്കൽ ആരിഫ്-റമീസ തസ്നി ദമ്പതികളുടെ മകനാണ്. 18 കോടി രൂപ ഈ കുടുംബത്തിന് സ്വപ്നം കാണാൻ പോലും കഴിയില്ല. പഴയ വാഹനങ്ങളുടെ വിൽപ്പനയായിരുന്നു ആരിഫിന്റെ വരുമാന മാർഗം. കൊവിഡോടെ ഇതും നിലച്ചു. മൂത്തമകൾ അഞ്ച് വയസുകാരി ദിയ ഫാത്തിയ ആരോഗ്യവതിയാണ്. ജനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോൾ രണ്ടാമത്തെ കുട്ടി മരിച്ചിരുന്നു. മൂന്നാമത്തെ കുട്ടിയായ ഇമ്രാൻ ജനിച്ച് 20 ദിവസം കഴിഞ്ഞപ്പോൾ ഇടത് കൈ അനക്കാതായി. മൂന്ന് മാസമായി മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഐ.സി.യു വെന്റിലേറ്ററിൽ ചികിത്സയിലാണ്.

ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജയ്ക്ക് കുടുംബം നിവേദനം നൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. കുഞ്ഞിന്റെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ഇന്നലെ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.

സഹായം അഭ്യർത്ഥിച്ചെങ്കിലും...

മാട്ടൂലിലെ മുഹമ്മദിനായി അതേ രോഗം ബാധിച്ച സഹോദരി നടത്തിയ അഭ്യർത്ഥന സമൂഹം ഏറ്റെടുത്തപ്പോൾ, ഇമ്രാന്റേത് പണം തട്ടാനുള്ള വ്യാജ പ്രചാരണമാണെന്ന് തെറ്റിദ്ധരിക്കപ്പെട്ടു. നാല് ദിവസത്തിനുള്ളിൽ 30 ലക്ഷത്തോളം രൂപ അക്കൗണ്ടിൽ വന്നെങ്കിലും പിന്നീട് സഹായം ലഭിച്ചില്ല. സഹായം നൽകരുതെന്ന തരത്തിലും പ്രചാരണമുണ്ടായി. പ്രതിസന്ധിയിലായ കുടുംബം സ്ഥലം എം.എൽ.എ മ‍ഞ്ഞളാംകുഴി അലിയെ ബന്ധപ്പെട്ടു. ഇന്നലെ ഇമ്രാന്റെ വീട്ടിലെത്തി നിജസ്ഥിതി ബോദ്ധ്യപ്പെട്ട എം.എൽ.എയും സഹായം അഭ്യർത്ഥിച്ചു. എം.എൽ.എയുടെ നേതൃത്വത്തിൽ ജനകീയ സമിതി രൂപീകരിക്കാനാണ് തീരുമാനം.

ആരിഫ്

Account Number - 16320100118821

Federal Bank

Branch - Mankada

IFSC Code FDRL0001632

Google Pay No. 8075393563

Advertisement
Advertisement