പ്രവേശന വിലക്കിൽ പ്രവാസ വഴിയടയുന്നു

Thursday 08 July 2021 12:30 AM IST

മലപ്പുറം: കൊവിഡിന്റെ വരവിൽ ഗൾഫിലേക്കുള്ള വഴികൾ ഒന്നൊന്നായി അടയുന്നത് പ്രവാസികളുടെ ജീവിത സ്വപ്നങ്ങളിൽ കരിനിഴലാകുന്നു. മാലി, നേപ്പാൾ, ഉസ്‌ബക്കിസ്ഥാൻ, അർമേനിയ, റഷ്യ,​ എത്യോപ്യ എന്നിവിടങ്ങളിലൂടെ യാത്ര ചെയ്യാമായിരുന്നെങ്കിലും പല കാരണങ്ങളാൽ ഇപ്പോഴതും മുടങ്ങി. നിലവിൽ ഉക്രെയിനും സെർബിയയുമാണ് ആശ്രയം.

വിസ കാലാവധി തീരാറായവരും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലുള്ളവരും വലിയ തുക മുടക്കിയാണ് ഇതുവഴി ഗൾഫിലെത്തുന്നത്. 15ന് മാലി ദ്വീപിലേക്കും വൈകാതെ നേപ്പാളിലേക്കും ഇന്ത്യക്കാർക്ക് പ്രവേശനം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. മാലി വഴിയുള്ള യാത്രയ്ക്ക് ഒന്നര മുതൽ രണ്ട് ലക്ഷം വരെ ചെലവാകുമെങ്കിൽ നേപ്പാളിലൂടെയുള്ളതിന് ഒരുലക്ഷം രൂപയ്ക്കുള്ളിൽ മതിയാവും.

നാലുദിവസം മുമ്പ് വരെ എത്യോപ്യ വഴിയായിരുന്നു പ്രധാനമായും സൗദിയിലേക്ക് പോയിരുന്നത്. എന്നാൽ കൊവിഡ് വകഭേദം വർദ്ധിക്കുന്ന സാഹചര്യത്തിൽ എത്യോപ്യയ്ക്ക് സൗദി വിലക്കേർപ്പെടുത്തി. ഇതേത്തുടർന്ന് ഇവിടങ്ങളിലെത്തിയ മലയാളികൾ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യയിൽ നിന്ന് നേരിട്ടുള്ള യാത്രക്കാർക്കും 14 ദിവസം തങ്ങിയവർക്കും ഗൾഫ് രാജ്യങ്ങളിലുള്ള വിലക്ക് മറികടക്കാനാണ് വിദേശരാജ്യങ്ങളിൽ തങ്ങി ഗൾഫിലേക്ക് തിരിക്കുന്നത്.

എത്യോപ്യയെ പോലെ ഉക്രൈൻ വഴിയുള്ള യാത്രയ്ക്ക് ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെയാണ് ചെലവ്. കൊച്ചിയിൽ നിന്ന് സെർബിയയിലേക്ക് എട്ട് മണിക്കൂറെടുക്കും. ഇതുവഴി യു.എ.ഇയിലേക്ക് ഒന്നുമുതൽ ഒന്നര ലക്ഷമാണ് ഈടാക്കുന്നത്.

 ചാർട്ടർ വിമാനങ്ങൾ മാത്രം

ജൂലായ് ഏഴുമുതൽ ദുബായിലേക്ക് പ്രവേശനം അനുവദിക്കുമെന്ന പ്രതീക്ഷയിൽ എമിറേറ്റ്സ് എയർലൈൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നെങ്കിലും യു.എ.ഇയുടെ ഔദ്യോഗിക അറിയിപ്പിന്റെ അഭാവത്തിൽ നിറുത്തിവച്ചു. ജൂലായ് ആറ് വരെ വിലക്ക് നീട്ടിയ യു.എ.ഇ പിന്നീട് ഔദ്യോഗിക അറിയിപ്പുകളൊന്നും നൽകിയിട്ടില്ല. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ നിന്ന് 15 വരെ വിലക്ക് നീട്ടിയിട്ടുണ്ട്. സൗദിയും വിലക്ക് അനിശ്ചിതമായി നീട്ടി. 18 സീറ്റിന് താഴെയുള്ള ചാർട്ടർ വിമാനങ്ങൾക്ക് ഇന്ത്യയിൽ നിന്ന് യു.എ.ഇയിലെത്താം. യാത്രക്കാർ കുടുംബാംഗങ്ങളോ ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നവരോ ആയിരിക്കണം. ഒരാൾക്ക് മൂന്നുലക്ഷം രൂപയെങ്കിലും ചെലവാകും.

ചെലവ് ഇങ്ങനെ

മാലി വഴിയുള്ള യാത്രയ്ക്ക്: 1.5 ലക്ഷം - 2 ലക്ഷം രൂപ

 നേപ്പാളിലൂടെയുള്ള യാത്ര- ഒരു ലക്ഷത്തിൽ താഴെ

 ഉക്രൈൻ വഴിയുള്ള യാത്രയ്ക്ക്: 1.5 - 2 ലക്ഷം

 സെർബിയ വഴിയുള്ള യാത്രയ്‌ക്ക്: 1 - 1.5 ലക്ഷം

Advertisement
Advertisement