ഇറക്കുമതിയുടെ ചെങ്കോൽ ഇടനിലക്കാരുടെ കൈയിൽ

Thursday 08 July 2021 12:14 AM IST

സി.ഇ.പി.സിയുടെ അധികാരം കവർന്ന് കേന്ദ്രം

കൊല്ലം: കശുഅണ്ടി ഇറക്കുമതിക്കുള്ള രജിസ്ട്രേഷനും അംഗത്വം നൽകാനുള്ള അധികാരവും എടുത്തുകളഞ്ഞതോടെ ആറര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള കാഷ്യൂ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ പ്രവർത്തനം പൂർണമായും നിലയ്ക്കുമെന്ന് ആശങ്ക. കയറ്റുമതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾക്കും വിദേശവാണിജ്യനയത്തിന്റെ ഭാഗമായുള്ള നികുതി ആനുകൂല്യങ്ങൾക്കും രജിസ്ട്രേഷൻ, അംഗത്വ (ആർ.സി.എം.സി) സർട്ടിഫിക്കറ്റ് എന്നിവ നൽകുന്നതിനുള്ള കൗൺസിലിന്റെ അധികാരമാണ് ജൂൺ 14ന് കേന്ദ്ര വാണിജ്യ,​ വ്യവസായ മന്ത്രാലയം റദ്ദാക്കിയത്. കശുഅണ്ടി കയറ്റുമതിക്കാർ രജിസ്ട്രേഷനായി അഗ്രികൾച്ചർ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോർട്ട് ഡെവലപ്മെന്റ് ഏജൻസിയെ സമീപിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

അടിയന്തരപ്രാധാന്യത്തോടെ ഉത്തരവിറക്കിയതിന് പിന്നിൽ ഇറക്കുമതി ഇടനിലക്കാരുടെ സംഘമാണെന്ന ആക്ഷേപം ശക്തമാണ്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംസ്ഥാന സംഘടനകൾ ഫെഡറേഷൻ ഒഫ് ഇന്ത്യൻ കാഷ്യൂ ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രി പീയുഷ് ഗോയലിനും നിവേദനം നൽകിയിരിക്കുകയാണ്.

ഉത്തരവുമൂലം സംഭവിക്കുന്നത്

 കൗൺസിലിന്റെ പ്രവർത്തനം തകരും, സംസ്ഥാനത്തെ കശുഅണ്ടി വ്യവസായം നിലയ്ക്കും

 ഉത്തരവിന് പിന്നിൽ ഇറക്കുമതിയിലൂടെ ലാഭക്കൊള്ള നടത്താൻശ്രമിക്കുന്ന ലോബിയുടെ ഇടപെടലെന്ന് ആക്ഷേപം

 ഇടനിലക്കാരുടെ ലക്ഷ്യം കൊള്ളലാഭത്തിലൂടെ കശുഅണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യൽ

 ഉത്തരവ് നടപ്പാക്കുന്നതിന് മുന്നോടിയായി കൗൺസിലിന് നോട്ടീസ് പോലും നൽകിയിട്ടില്ല

 വ്യവസായത്തിന്റെ പ്രാദേശിക സാദ്ധ്യതകൾ ഉപയോഗിക്കാൻ കഴിയില്ല

 ലക്ഷക്കണത്തിന് തൊഴിലാളികളുടെ തൊഴിലും സംരംഭകരുടെ വ്യവസായവും ഇല്ലാതാകും

കാഷ്യൂ എക്സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ

 കശുഅണ്ടിപ്പരിപ്പിന്റെ കയറ്റുമതിയും വ്യവസായത്തിന്റെ പുരോഗതിയും ലക്ഷ്യമിട്ട് 1955ൽ കൊച്ചിയിൽ ആരംഭിച്ചു

 പരിപ്പിന്റെ ഗുണനിലവാരം, തനിമ എന്നിവ ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം

 സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കശുഅണ്ടി സംസ്കരണം നടക്കുന്നത് കൊല്ലത്ത്

 കശുഅണ്ടി വികസന കോർപ്പറേഷന്റെയും കാപ്പെക്സിന്റെയും ആസ്ഥാനങ്ങൾ കൊല്ലത്ത്

 2010ൽ കാഷ്യൂ എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിലിന്റെ ആസ്ഥാനം കൊല്ലത്തേക്ക്

 ഇറക്കുമതിചെയ്യുന്ന പരിപ്പുകളുടെ ആധിക്യം തടയുന്നതിന് ഫലപ്രദമായ ഇടപെടൽ

 ജീവനക്കാർക്ക് ശമ്പളം പ്രതിവർഷം 1. 2 കോടി രൂപ

കൗൺസിലിന്റെ പ്രധാന പ്രത്യേകതകൾ

 വിപുലമായ ഭക്ഷ്യ സുരക്ഷാ ലാബ്

 സ്കൂളുകളിൽ ഉച്ചഭക്ഷണത്തിന് നൽകുന്ന സാധനങ്ങളുടെ ഗുണനിലവാരപ്പരിശോധന

 ഉത്സവകാലത്ത് സപ്ലൈകോ, കൺസ്യൂമർഫെഡ് വിപണന മേളയിലെ സാധനങ്ങളുടെ ഗുണനിലവാരപ്പരിശോധന

 സ്വകാര്യ, സർക്കാർ ഏജൻസികളുടെ വിവിധ ഗവേഷണങ്ങൾക്ക് ആവശ്യമായ പഠനസൗകര്യം

 മൈക്രോ ബയോളജി, ബയോടെക്നോളജി പഠനശാഖകളിൽ കേരള സർവകലാശാലയുടെ പരിശീലനകേന്ദ്രം

കേരള ബ്രാൻഡ് കശുഅണ്ടി

 കേരള ബ്രാൻഡ് കശുഅണ്ടിപ്പരിപ്പിന് വിദേശവിപണിയിൽ വൻഡിമാൻഡ്

 വിയറ്റ്നാമിൽ നിന്നുൾപ്പെടെ വിദേശത്തുനിന്ന് ഉത്പാദനച്ചെലവ് കുറവുള്ള പരിപ്പുകൾ അനധികൃതമായി കേരളത്തിലെത്തി

 സംസ്ഥാനത്ത് കശുഅണ്ടി തൊഴിലാളികൾ 10 ലക്ഷത്തിലധികം

 കശുഅണ്ടി സംസ്കരണം കൂടുതലും കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്ര, ഒഡീഷ, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ

 ഉത്പാദനച്ചെലവ് കുറഞ്ഞ രാജ്യങ്ങളിൽ നിന്ന് ഫിനിഷ്ഡ്, സെമി ഫിനിഷ്ഡ് ഇറക്കുമതിയിലൂടെ കശുഅണ്ടി വ്യവസായം പിന്നാക്കം പോയി

Advertisement
Advertisement