കേരളത്തിലെ സംഘികളുടെ സ്വപ്നങ്ങൾ ആ കമന്റിലുണ്ട്, സഹകരണ മേഖലയെ സംരക്ഷിക്കാൻ അതിശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്ന് ഐസക്

Thursday 08 July 2021 8:34 PM IST

തിരുവനന്തപുരം: അമിത് ഷായെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ലെന്ന് സി.പി.എം നേതാവ് തോമസ് ഐസക്. ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബി.ജെ.പിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരനാണ് അമിത് ഷാ. അമൂൽ കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നിൽ ബി.ജെ.പിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവർത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ലെന്നും ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബി.ജെ.പിയുടെ ഒരു പ്രധാന അടിത്തറയാണെന്നും ഐസക് അഭിപ്രായപ്പെട്ടു. അതേസമയം, സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ വന്ന സംഘപരിവാർ അനുകൂലിയുടെ പോസ്റ്റ് അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. അമിത് ഷാ എന്ത് ചെയ്യുമെന്നതിനെക്കുറിച്ച് കേരളത്തിലെ സംഘപരിവാറുകാരുടെ സ്വപ്നങ്ങൾ ഈ കമന്റിലുണ്ടെന്നും സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

അമിത് ഷായെതന്നെ രാജ്യത്തെ ആദ്യത്തെ കേന്ദ്ര സഹകരണ മന്ത്രിയാക്കിയത് യാദൃശ്ചികമല്ല. അമിത് ഷായായിരുന്നു ഗുജറാത്തിലെ സഹകരണ ബാങ്കുകളെ കോൺഗ്രസിൽ നിന്നും അടർത്തി ബിജെപിയുടെ പിടിയിലാക്കിയതിന്റെ സൂത്രധാരൻ. അമൂൽ കുര്യനെ പാൽ സഹകരണ മേഖലയിൽ നിന്നും പുകച്ചുപുറത്തു ചാടിച്ചതിന്റെയും പിന്നിൽ ബിജെപിയുടെ കരങ്ങളുണ്ടായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹത്തെ മതപരിവർത്തനത്തിന് ഒത്താശ ചെയ്യുന്നയാളെന്ന് ആക്ഷേപിക്കാനും മടിയുണ്ടായില്ല. ഗുജറാത്തിലെയും രാജ്യത്തെയും ധവളവിപ്ലവത്തിന്റെ നായകന് മരണത്തിനുശേഷംപോലും ആദരാഞ്ജലികൾ അർപ്പിക്കാൻ തൊട്ടടുത്തൊരു പട്ടണത്തിൽ ഉണ്ടായിട്ടുപോലും മോഡി തയ്യാറായില്ല എന്നതിൽ നിന്നും എത്രമാത്രമായിരുന്നു വൈരാഗ്യമെന്ന് ഊഹിക്കാം. ഗുജറാത്തിലെ സഹകരണ മേഖല ഇന്ന് ബിജെപിയുടെ ഒരു പ്രധാന അടിത്തറയാണ്.

പാർടി ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി സഹകരണം സംസ്ഥാന വിഷയമാണെന്നും അവിടെ പുതിയൊരു കേന്ദ്രമന്ത്രാലയത്തിനു പ്രസക്തിയില്ലെന്നും ഫെഡറൽ സംവിധാനത്തെ ഹനിക്കുന്നതാണെന്നും പ്രസ്താവിച്ചിട്ടുണ്ട്. ഇത് പാർടി സംസ്ഥാന കമ്മിറ്റിയുടെ ഫെയ്സ്ബുക്ക് പേജിൽ നൽകിയിരുന്നു. ഇതിനു കീഴിൽ ഒരു സംഘി എഴുതിയത് വായിക്കുക-

“ഇ.ഡി മാതൃകയിൽ പുതിയ ഏജൻസി... സഹകരണ സ്ഥാപനങ്ങളിലെ കള്ളപ്പണം കണ്ടെത്തുക ലക്ഷ്യം... പുതിയ ഏജൻസി വരുന്നത് സഹകരണ വകുപ്പിന് കീഴിൽ. ഇന്ത്യയിലെ ആദ്യത്തെ സഹകരണമന്ത്രിയായി അമിത് ഷാ... സിപിഎമ്മിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ സമരത്തിന് അവർ പെട്ടെന്ന് തന്നെ നേതൃത്വം നൽകും...! കാരണമെന്താണെന്ന് അറിയേണ്ടേ...? കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിച്ചു. അതിന്റെ തലൈവർ അമിത് ഷായും... അണ്ണന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ ആദ്യ പരീക്ഷണ ശാല അഹമ്മദാബാദിലെ സഹകരണ ബാങ്കുകളായിരുന്നു... ചുമ്മാ പറഞ്ഞന്നെ ഉള്ളു...”

മന്ത്രിസഭാ വിപുലീകരണത്തിനു രണ്ടുദിവസം മുമ്പാണ് പുതിയ മന്ത്രാലയം രൂപീകരിച്ചുകൊണ്ട് ഉത്തരവിറക്കിയത്. അതിൽ അമിത് ഷായെ പ്രതിഷ്ഠിക്കുകയും ചെയ്തു. അർബൻ ബാങ്കുകളുടെ കാര്യത്തിൽ സംസ്ഥാന സഹകരണ രജിസ്ട്രാർക്ക് ഉണ്ടായിരുന്ന അവകാശങ്ങൾ റിസർവ്വ് ബാങ്കിനു കൈമാറിക്കൊണ്ട് 2020 സെപ്തംബറിൽ പാർലമെന്റ് നിയമം പാസ്സാക്കി. അതു പ്രാഥമിക സഹകരണ ബാങ്കുകൾക്കു ബാധകമാക്കുന്നതിന് ഒരു പ്രത്യേക നോട്ടിഫിക്കേഷൻ മതിയാകും. അതിലൂടെ വൈദ്യനാഥൻ കമ്മിറ്റി നിർദ്ദേശിച്ചതും നമ്മൾ തിരസ്കരിച്ചതുമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാകും.

ബാങ്ക് എന്ന വിശേഷണം ഉപയോഗിക്കാനാവില്ല. ഡെപ്പോസിറ്റുകൾ വോട്ട് അവകാശമുള്ള എ ക്ലാസ് അംഗങ്ങളിൽ നിന്നു മാത്രമേ സ്വീകരിക്കാനാവൂ. അല്ലാതെയുള്ള 60,000 കോടി രൂപയുടെ ഡെപ്പോസിറ്റ് തിരിച്ചു കൊടുക്കേണ്ടിവരും. ചെക്ക് പാടില്ല. വിത്ഡ്രോവൽ സ്ലിപ്പേ പാടുള്ളൂ. കേരള ബാങ്കിൽ മിറർ അക്കൗണ്ട് സൃഷ്ടിച്ച് പ്രാഥമിക സഹകരണ ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്താനാണല്ലോ നാം ആലോചിക്കുന്നത്. അതു നിരോധിക്കപ്പെടും. പ്രാഥമിക സഹകരണ ബാങ്കുകൾ സംബന്ധിച്ച ഈ പറഞ്ഞ നിർദ്ദേശങ്ങളൊന്നും ഇതുവരെ നടപ്പാക്കിയിട്ടില്ല.

എന്നാൽ പുതിയ ബാങ്കിംഗ് റെഗുലേഷന്റെ പശ്ചാത്തലത്തിൽ ഒരു നോട്ടിഫിക്കേഷനിലൂടെ ഇവ നടപ്പാക്കാനാവും. ഡെമോക്ലസിന്റെ വാളുപോലെ ഈ അപകടം നമ്മുടെ സഹകരണ മേഖലയുടെ തലയ്ക്കു മുകളിൽ തൂങ്ങുകയാണ്. ഈയൊരു സന്ദർഭത്തിലാണ് അമിത് ഷാ കേന്ദ്രസഹകരണ മന്ത്രിയായി സ്ഥാനമേറ്റിരിക്കുന്നത്. അമിത് ഷാ എന്ത് ചെയ്യുമെന്നതിനെക്കുറിച്ചു കേരളത്തിലെ സംഘികളുടെ സ്വപ്നങ്ങൾ ഞാൻ ഉദ്ദരിച്ച കമന്റിലുണ്ട്. സഹകരണ മേഖലയെ സംരക്ഷിക്കുന്നതിന് അതിശക്തമായ ജനകീയ പ്രതിരോധം ഉയരണം.

Advertisement
Advertisement