ആരോപണങ്ങൾ കെട്ടുകഥ: അയിഷ സുൽത്താന

Friday 09 July 2021 8:45 PM IST

കൊച്ചി: ലക്ഷദ്വീപിലെ ചെത്ത്ലാത്തിൽ കടൽത്തിരമാലകൾക്കൊപ്പം കളിച്ചുവളർന്ന പെൺകുട്ടി സ്വന്തം നാടിനുവേണ്ടി ശബ്ദമുയർത്തിയപ്പോൾ ലഭിച്ചത് രാജ്യദ്രോഹക്കുറ്റം. ഈ പ്രശ്നം തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി എറണാകുളം കാക്കനാട്ടെ വസതിയിൽ തിരിച്ചെത്തിയ സംവിധായിക അയിഷ സുൽത്താന പറയുന്നു.

``ഒരു രാഷ്ട്രീയപ്പാർട്ടിയിലും അംഗമല്ല. ദ്വീപിൽ ജനതാദളുമായും കേരളത്തിൽ ഇടതുപക്ഷവുമായും അനുഭാവമുണ്ടെന്നാണ് പ്രചാരണം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ സമരമെന്നു കേട്ടാൽ സ്ഥലം കാലിയാക്കുമായിരുന്നു," അയിഷ വിശദമാക്കുന്നു വിവാദ വിഷയങ്ങൾ.

രാജ്യദ്രോഹക്കുറ്റം‌?

ചില സിനിമകളിൽ നിന്നു മനസിൽ പതിഞ്ഞ വാക്കാണ് ബയോ വെപ്പൺ. ചാനൽചർച്ചയ്ക്കിടെ ആ വാക്ക് വായിൽ വന്നുപോയതാണ്. ഉദ്ദേശിച്ചത് എന്താണെന്ന് പറയാൻ അവസരം തരാതെ അത് വിവാദമാക്കി. അതൊരു പാഠമായി. ഒരു കാര്യം പറയാനോ ചെയ്യാനോ രണ്ടാമതൊന്ന് ചിന്തിക്കും.

തീവ്രവാദ ബന്ധവും

ബിസിനസ് പാർട്ണറും?

ബിസിനസോ ബിസിനസ് പാർട്ണറോ ഇല്ല. ഒരു സ്ത്രീക്കുമേൽ ഏതെങ്കിലും ആരോപണം വന്നാൽ പല ബന്ധങ്ങൾ ചാർത്തുക ചിലരുടെ ശീലമാണ്. എനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ നടക്കുന്ന നീക്കം വിജയിക്കില്ല. കടൽ കണ്ടു വളർന്നതാണ്. കടലിൽ ബോട്ട് ഓടിച്ചിട്ടുമുണ്ട്. എന്നെയോ നാടിനെയോ പറഞ്ഞാൽ പ്രതികരിക്കും.

ബംഗ്ലാദേശ് ബന്ധം?

ജനിച്ചതും പഠിച്ചതും ബംഗ്ലാദേശിലാണെന്നാണ് പ്രചരിപ്പിച്ചത്. വിക്കിപീഡിയ വരെ അത്തരത്തിൽ എഡിറ്റ് ചെയ്തിരുന്നു. ജനിച്ചത് ചെത്ത്‌ലാത്തുള്ള കുടുംബവീട്ടിലാണ്. പഠിച്ചത് ദ്വീപിലെ സ്‌കൂളിലും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും.


വീട് ബി.ജെ.പി ഓഫീസ് ?

എന്റെ പേരിലുള്ള ചെത്ത്‌ലാത്തിലെ വീട് ബി.ജെ.പി ഓഫീസാണ്. ഒരു രൂപ പോലും വാടക വാങ്ങുന്നില്ല. എന്റെ മാമന്മാർ ബി.ജെ.പി അംഗങ്ങളാണ്. എന്നിട്ടും ചില ബി.ജെ.പിക്കാർ എനിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ആരോപിക്കുന്നു. അതിനുദാഹരണമാണ് അബ്ദുള്ളക്കുട്ടിയുടെ ശബ്ദസന്ദേശം.

ക്വാറന്റൈൻ ലംഘനം?

കുടുക്കാനുള്ള തന്ത്രം മാത്രം.ഡാക്ക് ബംഗ്ലാവിൽ പോയി കൊവിഡ് ബാധിതരുമായി ഇടപഴകി എന്നാണ് ആരോപണം. പുറത്തിറങ്ങിയത് രണ്ട് വനിതാ പൊലീസുകാരുടെ കൂടെ സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിന് പോകാനാണ്.

ഫോൺ പരിശോധന?

സുഹൃത്തുക്കൾ ഉൾപ്പെട്ട വാട്സാപ്പ് ഗ്രൂപ്പുകളിൽ മാത്രമേയുള്ളൂ. ഫോൺ തിരിച്ചു കിട്ടുമോ എന്ന് അറിയില്ല. എത്ര പരിശോധിച്ചാലും ഒരു തെറ്റും കണ്ടെത്താനാവില്ല.


ഭരണപരിഷ്‌കാരം?

അഡ്മിനിസ്‌ട്രേറ്ററുടെ പരിഷ്കാരങ്ങളിൽ നല്ല കാര്യങ്ങൾ ഉള്ളതായി തോന്നിയിട്ടില്ല. ലക്ഷദ്വീപിൽ മത്സ്യബന്ധനത്തിലും തെങ്ങുകൃഷിയിലുമാണ് വികസനം വേണ്ടത്.

കുടുംബം?

വെറ്ററിനറി വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന ഉപ്പ കുഞ്ഞിക്കോയ നാലു വർഷം മുമ്പ് മരിച്ചു. രണ്ടുമാസത്തിനു ശേഷം രണ്ടാമത്തെ സഹോദരൻ ഷാഹിദും മരിച്ചു. ആമിന മൻസിൽ എന്നാണ് കുടുംബപ്പേര്. ഉമ്മ ഹൗവ്വ. പ്ലസ്ടു വിദ്യാർത്ഥിയായ ഷർഷാദ് ആണ് ഇളയ സഹോദരൻ. ഉമ്മയും അനുജനുമായി എറണാകുളം കാക്കനാട്ടാണ് താമസം.

സിനിമ

സിനിമാ മേഖലയുമായി മുന്നോട്ടു പോകാനാണ് താല്പര്യം. ഞാൻ സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്യുന്ന 'ഫ്ലെഷ്' എന്ന സിനിമയുടെ ഡബ്ബിംഗ് നടക്കുകയാണ്. നിലവിലെ എന്റെ ജീവിത സാഹചര്യം സിനിമയാക്കാനും ആഗ്രഹമുണ്ട്.

Advertisement
Advertisement