ബെവ്കോ ഷോപ്പുകളിൽ അധിക കൗണ്ടർ തുറക്കും

Friday 09 July 2021 2:38 AM IST

തിരുവനന്തപുരം: തിരക്ക് കുറയ്ക്കാൻ ബിവറേജസ് കോർപ്പറേഷന്റെ വിദേശമദ്യ ചില്ലറവില്പനശാലകളിൽ അധിക കൗണ്ടറുകൾ തുറക്കും. ഇന്നു മുതൽ അധിക കൗണ്ടറുകൾ പ്രവർത്തിപ്പിക്കാനാണ് തീരുമാനം.

ബെവ്കോ വില്പനശാലകളിലെ തിരക്ക് ഹൈക്കോടതി വിമർശനത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സർക്കാർ അടിയന്തര തീരുമാനം കൈക്കൊണ്ടത്.

10 ലക്ഷത്തിന് മേൽ പ്രതിദിന വില്പനയുള്ള ഷോപ്പുകളിൽ രണ്ട് കൗണ്ടറുകൾ വീതമാവും അധികം തുറക്കുക. താരതമ്യേന കൂടുതൽ വില്പനയുള്ള 43 ഓളം ഷോപ്പുകളിൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനെയും നിയോഗിക്കും.ആവശ്യമെങ്കിൽ കൂടുതൽ കൗണ്ടറുകളും തുടങ്ങും. കൈകൾ ശുചിയാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. മദ്യം വാങ്ങാനെത്തുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ മൈക്ക് അനൗൺസ്‌മെന്റും തിരക്കുള്ള ഷോപ്പുകളിൽ ഏർപ്പെടുത്തും.

കൂടുതൽ തിരക്ക് അനുഭവപ്പെടാറുള്ള ഷോപ്പുകളിൽ വൈകിട്ട് ബെവ്കോ പ്രത്യേക നിരീക്ഷകരെ നിയോഗിക്കും. ഷോപ്പുകൾക്ക് മുന്നിലെ ജനത്തിരക്ക് ഫോട്ടോകൾ വഴി ശേഖരിച്ച് തിക്കിത്തിരക്ക് ഇല്ലെന്ന് ഉറപ്പാക്കും.

ബാറുടമകളുടെ പ്രതിഷേധം അവസാനിപ്പിച്ച് ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളും. ബാറുകൾ കൂടി തുറന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി ഒഴിവാക്കാമെന്നാണ് സർക്കാർ കരുതുന്നത്. ചില സ്ഥലങ്ങളിൽ ഇപ്പോൾ ബാറുകളിൽ നിന്ന് മദ്യം വിൽക്കുന്നുണ്ട്. ലേബലിലുള്ള വിലയ്ക്ക് തന്നെയാവും ബാറുകളിലും മദ്യം വിൽക്കുക.

Advertisement
Advertisement