'തൊരപ്പൻ കൊച്ചുണ്ണി" ഇനി പഞ്ചാബി ഹൗസിൽ, അക്ഷയ് വരച്ച ചിത്രങ്ങൾ ഹരിശ്രീ അശോകന് കൈമാറി

Thursday 08 July 2021 10:54 PM IST

കൊച്ചി: സി.ഐ.ഡി മൂസയിലെ തൊരപ്പൻ കൊച്ചുണ്ണിയുടെ ജീവസുറ്റ ചിത്രങ്ങൾ വരച്ച് ആ വേഷം ചെയ്ത ഹരിശ്രീ അശോകനെപ്പോലും ഞെട്ടിച്ച അങ്കമാലി സ്വദേശി അക്ഷയിന്റെ വലിയൊരാഗ്രഹം പൂവണിഞ്ഞു. നടനെ നേരിൽ കണ്ട് ചിത്രങ്ങൾ കൈമാറണമെന്ന ആഗ്രഹം. കേരളകൗമുദി വാർത്തയിലൂടെ ചിത്രകാരനെക്കുറിച്ച് കൂടുതലറിഞ്ഞ അശോകൻ അക്ഷയിനെ വീട്ടിലേക്ക് ക്ഷണിച്ചു.

ഇന്നലെ അശോകന്റെ വീടായ 'പഞ്ചാബിഹൗസി'ലെത്തി അക്ഷയ് ചിത്രങ്ങൾ കൈമാറി. ഏറെ നേരം അശോകനുമായി സംസാരിച്ചു. സംസാര മദ്ധ്യേ തന്റെ അമ്മയുടെ ചിത്രം വരയ്ക്കാമോ എന്ന അശോകന്റെ ചോദ്യം പൂർണമനസോടെ അക്ഷയ് സ്വീകരിച്ചു. അക്ഷയിന്റെ അച്ഛനും ഒപ്പമുണ്ടായിരുന്നു.

മറ്റൊരു ചിത്രം കൂടി വരച്ച് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട് അശോകൻ. അത് പക്ഷേ, സർപ്രൈസാണ്. ചിത്രങ്ങൾ കൈമാറി തിരികെ പോരാനൊരുങ്ങുമ്പോൾ ഒരു സ്‌നേഹ സമ്മാനവും നൽകിയാണ് അക്ഷയിനെ നടൻ യാത്രയാക്കിയത്. വീണ്ടും കാണാമെന്നുള്ള വാഗ്ദാനവും.

അക്ഷയ് തൊരപ്പൻ കൊച്ചുണ്ണിയെ വരയ്ക്കുന്ന വീഡിയോ അശോകൻ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു. 1.35ലക്ഷം പേരാണ് കണ്ടത്.

അക്ഷയ് വരച്ച ചിത്രങ്ങൾ കണ്ട് ആയിരങ്ങളാണ് നല്ല അഭിപ്രായം പറഞ്ഞത്. സ്ഥിരം വരയ്ക്കുന്ന രമണനിൽ നിന്ന് വ്യത്യസ്തമായി ഒരു കഥാപാത്രം വരച്ച് കണ്ടപ്പോൾ ഏറെ സന്തോഷം. ഇനിയും ഉയരങ്ങളിലെത്തട്ടെ.

ഹരിശ്രീ അശോകൻ

ഹരിശ്രീ അശോകനെ നേരിൽ കാണാനാകുമെന്നോ ചിത്രങ്ങൾ കൈമാറാനാകുമെന്നോ സ്വപ്‌നത്തിൽപോലും വിചാരിച്ചതല്ല. ചിത്രങ്ങൾ അദ്ദേഹം സന്തോഷത്തോടെ ഏറ്റുവാങ്ങിയത് വലിയ അംഗീകാരമായി കാണുന്നു.

അക്ഷയ് രാജു

Advertisement
Advertisement