കൃഷ്ണകൃപയിൽ കുവി ഹാപ്പിയാണ്, മൂന്ന് കൺമണികളുമായി...

Thursday 08 July 2021 11:11 PM IST

ഇടുക്കി:പെട്ടിമുടി ഉരുൾപാെട്ടലിൽ മരിച്ച രണ്ടര വയസുകാരി ധനുഷ്‌കയെ കണ്ടെത്തി താരമായ വളർത്തുനായ കുവി മൂന്ന് കണ്മണികൾക്കൊപ്പം ഹാപ്പിയായി കഴിയുന്നു . പ്രസവത്തിൽ രണ്ട് പെണ്ണും രണ്ട് ആണും ഉണ്ടായിരുന്നു. ഒരു ആൺകുഞ്ഞ് മണിക്കൂറുകൾക്ക് ശേഷം മരിച്ചു.

ഗഭിണിയായിരിക്കെ കുവിയെ കഴിഞ്ഞമാസം ഡോഗ് സ്‌ക്വാഡിലെ പരിശീലകൻ അജിത് മാധവനാണ് ചേർത്തലയിലെ സ്വന്തം വസതിയായ കൃഷ്ണ കൃപയിലേക്ക് കൊണ്ടു വന്നത്. കിടപ്പും ഇരിപ്പുമൊക്കെ വീട്ടിലെ സ്വീകരണ മുറിയിലാണ്. മുകളിലെ നിലയിൽ തടികൊണ്ട് തയ്യാറാക്കിയ കൂട്ടിലാണ് മക്കൾ മൂന്നും. മക്കളുടെ ഞരക്കം കേട്ടാൽ കുവി ഓടിപ്പാഞ്ഞ് പടികൾ കയറി മുകളിലെത്തും. നക്കിയും തലോടിയും മൂവരെയും പാലൂട്ടും. അജിത്തിന്റെ വിളികേട്ടാൽ ഓടി താഴെയെത്തും.

കൃത്യമായ പരിശീലനത്തിലൂടെ അനുസരണയുള്ള നായയായി കുവി മാറിക്കഴിഞ്ഞു. പെട്ടിമുടി ദുരന്തത്തിനുശേഷം,​ ധനുഷ്‌കയുടെ കുടുംബം താമസിച്ചിരുന്ന ലയത്തിനു പിന്നിൽ ഭക്ഷണമില്ലാതെ അവശയായ കുവിയെ ഏറ്റെടുത്ത അജിത് മാധവൻ അതിനെ പഴയതുപോലെ മിടുക്കിയാക്കി. എട്ടുമാസത്തിനുശേഷം ധനുഷ്‌കയുടെ മുത്തശ്ശി പളനിയമ്മാളിന്റെ ആഗ്രഹപ്രകാരം അതിനെ തിരിച്ചേൽപ്പിച്ചു. കുവിയുടെ ആലസ്യം കണ്ട് അവർ തന്നെയാണ്, ഇനി അവകാശവാദം ഉന്നയിക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകി അജിത് മാധവന് കൈമാറിയത്. കുവിയുടെ കുഞ്ഞുങ്ങളെ വളർത്താൻ നിരവധി പേരാണ് അജിത്തിനെ വിളിക്കുന്നത്. അക്കാര്യം ആലോചിച്ചിട്ടില്ലെന്ന് അജിത്ത് പറഞ്ഞു.

Advertisement
Advertisement