ഓർമ്മ ജയിച്ചു, നാലു വയസുകാരിയെ തേടിയെത്തി അന്താരാഷ്ട്ര അംഗീകാരം

Friday 09 July 2021 12:02 AM IST

വടകര: ഓർമ്മശക്തി മത്സരത്തിൽ നാലുവയസുകാരിയെ തേടിയെത്തിയത് അന്താരാഷ്ട്ര പുരസ്കാരം. അഴിയൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് കല്ലാമല കുഞ്ഞിപറമ്പത്ത് അമ്പലത്തിന് സമീപം താമസിക്കുന്ന ഇവാനിയ ഷനിലാണ് കലാം പുരസ്കാരം സ്വന്തമാക്കിയത്. മത്സരത്തിനായി ഇരുപതോളം വീഡിയോകളാണ് അയച്ചത്. കൂരാറ എൽ.പി സ്കൂളിലെ അദ്ധ്യാപകനായ ഷനിലിന്റെയും കരിയാട് ന്യൂ മാപ്പിള എൽ.പി സ്കൂളിലെ അദ്ധ്യാപികയായ ധന്യ യുടെയും മകളാണ് ഇവാനിയ ഷനിൽ. അനിതര സാധാരണമായ ഓർമശക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് അന്താരാഷ്ട്ര രംഗത്ത് നൽകുന്ന കലാം ദി ലെജൻഡ് പുരസ്കാരമാണ് ഇവാനിയയെ തേടിയെത്തിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ, കേരളത്തിലെ ജില്ലകൾ, ഇന്ത്യൻ പ്രധാനമന്ത്രിമാർ, ജ്ഞാനപീഠം അവാർഡ് ജേതാക്കൾ കൂടാതെ പക്ഷികളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ, 12 രാജ്യങ്ങളിലെ കറൻസികൾ, ക്ലോക്ക് നോക്കി സമയം പറയൽ, 30 മൃഗങ്ങൾ, 25 പച്ചക്കറികൾ, 21 പഴങ്ങൾ, 20 ശരീരഭാഗങ്ങൾ, 18 കായികയിനങ്ങൾ, അറുപത് വീട്ടുപകരണങ്ങൾ, 1 മുതൽ 100 വരെ എണ്ണം, ഇംഗ്ലീഷ് ക്യാപിറ്റൽ ലെറ്റർ എഴുതൽ, 15 കുട്ടിപ്പാട്ടുകൾ, ആഴ്ചകൾ, മാസങ്ങൾ, 25 മലയാളം വാക്കുകൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യൽ എന്നിവ നിഷ്പ്രയാസം ചെയ്താണ് ഈ കൊച്ചുമിടുക്കി അംഗീകാരം നേടിയത്. വിവിധയിനം ഗെയിമുകളും ക്ഷണനേരംകൊണ്ട് കളിച്ചു ജയിക്കും. ഓരോ പ്രവർത്തനങ്ങളും വീഡിയോകളാക്കി മത്സരത്തിനായി അയക്കുകയായിരുന്നു.

Advertisement
Advertisement