എൽ.ഐ.സിക്ക് ഇനി ചെയർമാന് പകരം സി.ഇ.ഒ ആൻഡ് എം.ഡി

Friday 09 July 2021 12:00 AM IST

ന്യൂഡൽഹി: പൊതുമേഖലാ ഇൻഷ്വറൻസ് കമ്പനിയായ ലൈഫ് ഇൻഷ്വറൻസ് കോർപ്പറേഷൻ ഒഫ് ഇന്ത്യയിൽ (എൽ.ഐ.സി) ചെയർമാന് പകരം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ (സി.ഇ.ഒ) ആൻഡ് മാനേജിംഗ് ഡയറക്‌ടർ (എം.ഡി) പദവി രൂപീകരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കമ്പനിയുടെ പ്രാരംഭ ഓഹരി വില്പന (ഐ.പി.ഒ) നടത്താനുള്ള നടപടികൾക്ക് മുന്നോടിയായാണ് കേന്ദ്ര ധനമന്ത്രാലയത്തിന് കീഴിലെ ധനകാര്യ സേവനവകുപ്പിന്റെ തീരുമാനം. 25,000 കോടി രൂപയുടെ മൂലധന സമാഹരണത്തിനും എൽ.ഐ.സിക്ക് കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്.

എൽ.ഐ.സിയുടെ ഐ.പി.ഒ ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. പൊതുമേഖലാ ഓഹരി വില്പനയിലൂടെ നടപ്പു സാമ്പത്തിക വർഷം (2021-22) ഉന്നമിടുന്ന 1.75 ലക്ഷം കോടി രൂപ കൈവരിക്കാൻ ഇത് കേന്ദ്രത്തിന് അനിവാര്യവുമാണ്. നിലവിൽ എൽ.ഐ.സിയുടെ 100 ശതമാനം ഓഹരികളും കേന്ദ്രസർക്കാരിന്റെ സ്വന്തമാണ്. ഇതിൽ, അഞ്ചുമുതൽ 10 ശതമാനം വരെ ഓഹരികളാകും പ്രാരംഭ ഓഹരി വില്പനയിലൂടെ വിറ്റഴിക്കുക.

Advertisement
Advertisement