വർണ്ണാഭമല്ല വസ്ത്രവിപണി

Friday 09 July 2021 12:06 AM IST

അരീക്കോട് : സീസണുകളെ ആശ്രയിച്ച് കച്ചവടം പൊടിപൊടിക്കുന്ന വസ്ത്രവിപണിയിൽ ഇപ്പോൾ പരക്കെ ആശങ്കയാണ്. കൊവിഡ് പ്രതിസന്ധി ഇല്ലാതാക്കിയ വിഭാഗങ്ങളിൽ പ്രധാനികളാണ് വസ്ത്ര വ്യാപാരികൾ. രണ്ട് കൊല്ലത്തിനിടെ നിരവധി സീസണുകളാണ് ഇവർക്ക് നഷ്ടമായത്. സാധാരണ കച്ചവടവും പാടെ തകർന്നു. കൊവിഡ് രണ്ടാംതരംഗം വന്നതോടെ വസ്ത്ര വിപണിയുടെ 50 ശതമാനവും തകർന്നുവെന്നാണ് വ്യാപാരികൾ പറയുന്നത്. ഈ സാഹചര്യത്തിലും കുറച്ചെങ്കിലും പിടിച്ചുനിൽക്കാൻ സാധിക്കുന്നത് വൻകിട വസ്ത്രവ്യാപാര സ്ഥാപനങ്ങൾക്കാണ്. ചെറുകിട കച്ചവടക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. നിലവിലുള്ള സ്റ്റോക്ക് പോലും വിറ്റഴിക്കാൻ സാധിക്കാത്തവരുമുണ്ട്.

പെരുന്നാൾ, ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷവേളകളിൽ വസ്ത്ര വ്യാപാരരംഗത്ത് വിപണി പിടിച്ചടക്കാൻ വീറോടെ രംഗത്തെത്തുന്നവരാണ് വസ്ത്ര വ്യാപാരികൾ. സീസണുകളോടടുപ്പിച്ച് ഓഫറുകളോട് കൂടി പുതിയ വസ്ത്ര വ്യാപാര സ്ഥാപനങ്ങൾ പ്രത്യക്ഷപ്പെടുന്നതും രണ്ടുവർഷം മുൻപു വരെ പതിവ് കാഴ്ചയായിരുന്നു.

എന്നാൽ കൊവിഡ് നിയന്ത്രണങ്ങളോടെ കല്യാണ പരിപാടികളെല്ലാം നടക്കുന്നുണ്ടെങ്കിൽ പോലും ഇവരെല്ലാം ആശ്രയിക്കുന്നത് വൻകിട വസ്ത്ര വ്യാപാര സ്ഥാപനങ്ങളെയാണ്. കേരളത്തിലെ റീട്ടെയിൽ കച്ചവടക്കാർ കൂടുതലായും വസ്ത്രങ്ങൾ വാങ്ങിക്കുന്നത് മുംബൈ, ബംഗളൂരു മാർക്കറ്റുകളിൽ നിന്നാണ്. കൊവിഡ് സാഹചര്യത്തിൽ ഇവിടങ്ങളിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങി കച്ചവടവും പുതിയ സ്റ്റോക്കും നിലനിറുത്തി പോരാനുള്ള സാഹചര്യവും ചെറുകിട വസ്ത്ര വ്യാപാരികൾക്ക് ഇല്ലാതായിരിക്കുകയാണ്. ചില കച്ചവടക്കാരെങ്കിലും കോഴിക്കോട് പോലെയുള്ള നഗരങ്ങളെ ആശ്രയിക്കുന്നുണ്ട്. പക്ഷേ, ഉദ്ദേശിച്ച വിലയിൽ വസ്ത്രങ്ങൾ ലഭിക്കാത്തത് ഇവരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിലവിലെ മോഡലുകൾ വൈകാതെ മാർക്കറ്റിൽ നിന്ന് ഇല്ലാതാവുന്നതും കെട്ടിക്കിടക്കുന്ന സ്റ്റോക്കുകളെ ബാധിക്കും. വലിയ പെരുന്നാൾ അടുത്ത് വരുന്ന ആഴ്ചകളിലും കൊവിഡിന്റെ വ്യാപനം കാരണം നിരവധി പ്രദേശങ്ങൾ ഡി കാറ്റഗറിയിൽ ആണ്. നിയന്ത്രങ്ങൾക്കൊടുവിൽ ഇപ്രാവശ്യത്തെ പെരുന്നാൾ സീസണും വസ്ത്ര വ്യാപരികൾക്ക് വലിയ നഷ്ടം ഉണ്ടാക്കും.


''കടം വാങ്ങിയാണ് ചെറുകിട വസ്ത്ര വ്യാപാരികൾ റീട്ടെയിൽ വിൽപ്പനയ്ക്കായി വസ്ത്രങ്ങൾ ഇറക്കുന്നത്. വിൽപ്പനയ്ക്കു ശേഷമാണ് പണമൊടുക്കുന്നത്. അതിനാൽ ഹോൾസെയിൽ മാർക്കറ്റുകളും റീട്ടെയിൽ മാർക്കറ്റുകളും ഒരുപോലെ പ്രതിസന്ധിയിലായ സ്ഥിതി വിശേഷമാണ്. വസ്ത്ര സ്ഥാപനങ്ങളെല്ലാം ഇളവുകൾ ഉള്ള ദിവസങ്ങളിൽ മാത്രമാണ് തുറക്കുന്നത് എങ്കിലും റൂമിന്റെ
വാടകയിൽ കുറവൊന്നും ഉണ്ടാവാറില്ല''

നിഹാൽ മൊയ്ദീൻ
വസ്ത്രവ്യാപാരി (വണ്ടൂർ)

Advertisement
Advertisement