ഓൺലൈൻ മരണക്കളിയിൽ ഡേറ്റാ മോഷണം, ലൈംഗിക ചൂഷണം

Friday 09 July 2021 2:20 AM IST

തിരുവനന്തപുരം:ഓൺലൈൻ ഗെയിമുകൾ മരണക്കളികളായി മാറുന്നതായും ഡേറ്റാ മോഷണവും ലൈംഗിക ചൂഷണവും നടക്കുന്നതായും പൊലീസിന്റെ മുന്നറിയിപ്പ്.

ഗെയിമുകളോടുള്ള അമിതമായ ആസക്തി കുട്ടികളെ അപകടത്തിലാക്കും. പല ഗെയിമുകളിലും അപരിചിതരുമായി കളിക്കാർക്ക് ചാ​റ്റ് ചെയ്യാം. ഈ അപരിചിതർ ലൈംഗിക ചൂഷകരോ ഡേ​റ്റാ മോഷ്ടാക്കളോ ദുരുദ്ദേശ്യം ഉള്ളവരോ ആകാം. ഇവരുടെ ഭാഷ മോശമായിരിക്കും. രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

ഫ്രീ ഫയർ പോലുള്ള ഗെയിമുകൾക്ക് കുട്ടികൾ വേഗത്തിൽ അടിമകളാവുന്നു. ഗെയിം സൗജന്യമാണ്. കളിക്കാൻ എളുപ്പമാണ്. വേഗത കൂടുതലുണ്ട്. വിലകുറഞ്ഞ സ്‌മാർട്ട് ഫോണുകളിൽ പോലും കളിക്കാം. സുഹൃത്തുക്കളുമായി ഒരുമിച്ച് കളിക്കാം. ചാറ്റിനെത്തുന്നവർ യഥാർത്ഥ കഥാപാത്രങ്ങളെ പോലെ അപകടത്തിൽ പെട്ട് മരിക്കാൻ നേരത്ത് വിലപിക്കുകയും രക്തം ഒഴുക്കുകയും ചെയ്യുന്നതൊക്കെ കാണുമ്പോൾ കുട്ടികളുടെ മനസും വൈകാരികമായി പ്രതിപ്രവർത്തിക്കുന്നു. ഹാക്കർമാർക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങൾ ലഭിക്കാനും വഴിയുണ്ട്.
കളിയുടെ ഓരോ ഘട്ടം കഴിയുമ്പോഴും വെർച്വൽ കറൻസി വാങ്ങാനും ആയുധങ്ങൾക്കും വസ്ത്രങ്ങൾക്കുമായി ഷോപ്പിംഗ് നടത്താനും മ​റ്റു ചൂതാട്ട ഗെയിമുകൾ കളിക്കാനുള്ള പ്രേരണയും ഫ്രീഫയറിലുണ്ട്. തുടർച്ചയായ പരസ്യങ്ങളിലൂടെയോ കളിക്കാർക്കുള്ള ദൗത്യങ്ങളായി മറച്ചുവച്ചോ ഓൺലൈൻ പർച്ചേസിനുള്ള സമ്മർദ്ദം ഈ ഗെയിമുകളിൽ കൂടുതലാണ്.

ഗെയിമിലെ കഥാപാത്രങ്ങളെ ലൈംഗികവൽക്കരിക്കും. സ്ത്രീ കഥാപാത്രങ്ങൾ വിവസ്ത്രരായി കാണപ്പെടും. വളരെ ഏകാഗ്രത വേണ്ടതിനാൽ ഫ്രീ ഫയർ പോലുള്ള ഗെയിമുകളുടെ അമിതമായ ഉപയോഗം കാഴ്ചയെ ബാധിക്കും. നാലിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ഒരു ദിവസം ശരാശരി 74 മിനി​റ്റ് ഫ്രീ ഫയർ ഗെയിം കളിക്കുന്നുണ്ടെന്നാണ് പഠന റിപ്പോർട്ട്.

പൊലീസിന്റെ നിർദ്ദേശങ്ങൾ

രക്ഷിതാക്കൾ കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരന്തരം നിരീക്ഷിച്ച് സമയം നിയന്ത്റിക്കണം.

കുട്ടികളെ മ​റ്റു കാര്യങ്ങളിൽ വ്യാപൃതരാക്കണം.

കായികവിനോദങ്ങളിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. കുട്ടികൾക്കൊപ്പം കൂടുതൽ സമയം ചെലവിട്ട് സ്വഭാവ മാറ്റങ്ങൾ മനസിലാക്കണം.

Advertisement
Advertisement