വരൂ, കോന്നി- അച്ചൻകോവിൽ റോഡിലേക്ക്: കാണാം വനഭംഗി

Friday 09 July 2021 11:07 PM IST

അരുവാപ്പുലം:വനഭംഗി കാണാൻ കോന്നി - അച്ചൻകോവിൽ റോഡിലൂടെ യാത്ര ചെയ്യണം. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ നിന്ന് നാല്പത്തിരണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ അരുവാപ്പുലം, കല്ലേലി, നടുവത്തുമൂഴി, കടയാർ, ഉളിയനാട്, മണ്ണാറപ്പാറ, പാലക്കുഴി, ചെമ്പനരുവി, കടമ്പുപാറ, തുറ, വളയം, കോടമല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് അച്ചൻകോവിലിലെത്താം. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിൽപ്പെട്ട ഈ വനമേഖല തമിഴ്നാട് അതിർത്തിവരെ വ്യാപിച്ചുകിടക്കുകയാണ്. ഈ വന പാതയിലാണ് ആവണിപ്പാറ ആദിവാസികോളനി. അച്ചൻകോവിലാറിന്റെ മറുകരയിൽ താമസിച്ച് വനവിഭവങ്ങൾ ശേഖരിച്ച് ഉപജീവനം നടത്തുന്ന ആദിവാസികുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. കൊല്ലം ജില്ലയിലെ കിഴക്കൻ മലയോരമാണ് അച്ചൻകോവിൽ. ഇവിടുത്തെ ശാസ്താ ക്ഷേത്രം പ്രസിദ്ധമാണ്. വനപാതയിലൂടെയുള്ള യാത്രയിൽ കാടിന്റെ നിശബ്ദതയിൽ ചീവിടുകളുടെയും പക്ഷികളുടെയും വന്യമൃഗങ്ങളുടെയും ശബ്ദം മാത്രം കേൾക്കാൻ കഴിയും. ആന, മ്ലാവ്, കേഴ, കാട്ടുപോത്ത് , എന്നിവയെ കാണാം. അച്ചൻകോവിലിലെ തൂവൻമലനിരകളിൽ നിന്നാണ് അച്ചൻകോവിലാറ് ഉത്ഭവിക്കുന്നത്. ഉൾക്കാടുകളിൽ കയറിയാൽ വനഭംഗി ഏറെ ആസ്വദിക്കാൻ കഴിയും.

കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇതുവഴിയുള്ള സഞ്ചാരികളുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. അച്ചൻകോവിലിൽ നിന്ന് ഇരുപതു കിലോമീറ്റർ യാത്ര ചെയ്താൽ പള്ളിവാസൽ, പള്ളിമുണ്ടാൻ, കോട്ടവാസൽ, മേക്കര, പമ്പിളി വഴി തമിഴ്‌നാട്ടിലെ ചെങ്കോട്ടയിലെത്താം. കോട്ടവാസലിലെ ഉയർന്ന പുൽമേട് സഞ്ചാരികളെ ആകർഷിക്കും. ഇവിടെ കരടി ശല്യമുള്ളതിനാൽ വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ പ്രവേശിക്കാൻ കഴിയൂ. എപ്പോഴും കുളിർകാറ്റാണ്‌. ഹെയർപിൻ വളവുകൾ ഡ്രൈവിങ്ങിൽ സാഹസികത നൽകുന്നു. മണലാർ, കുംഭാവുരുട്ടി തുടങ്ങിയ ടുറിസം സ്ഥലങ്ങളും ഈ റൂട്ടിലാണ്. ചെങ്കോട്ടയിൽ എത്തിയാൽ കുറ്റാലം, തെന്മല, ആര്യങ്കാവ് എന്നിവിടങ്ങളിലും പോകാൻ കഴിയും തിരികെ ദേശീയപാതയിലൂടെ പുനലൂർ വഴി മടങ്ങാം.

ആനസിറ്റി

ഈ വനപാതയിലെ ആനസിറ്റി എന്നറിയപ്പെടുന്ന സ്ഥലത്ത് പകൽ സമയത്തും കാട്ടാനകളെ കൂട്ടത്തോടെ കാണാം. വനംവകുപ്പ് രാത്രി യാത്ര അനുവദിക്കില്ല. വഴിയിലെ ആനക്കൂട്ടങ്ങളാണ് രാത്രി യാത്രയ്ക്ക് തടസം. അച്ചൻകോവിലാറിന്റെ തീരത്തുകൂടിയുള്ള യാത്രയായതിനാൽ നദിയൊഴുകുന്ന വഴികളും കൃത്യമായി കാണാം. കല്ലേലിയിലെ വനംവകുപ്പിന്റെ ചെക്ക്പോസ്റ്റിൽ വാഹനങ്ങൾ നിറുത്തി രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയുണ്ട്.

Advertisement
Advertisement