നേതാക്കളുടെ പേര് പറയാൻ സമ്മർദ്ദം,​ ജയിലിൽ നിരന്തരം ഭീഷണിയെന്ന് സ്വർണക്കടത്ത് കേസ് പ്രതി സരിത്

Friday 09 July 2021 11:19 PM IST

തിരുവനന്തപുരം: ജയിലിൽ നിരന്തരം ഭീഷണിയെന്നും ദേശീയ നേതാക്കളുടേതുൾപ്പെടെയുള്ള പേരുകൾ പറയാൻ നിർബന്ധിക്കുന്നതായും സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സരിത്. പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന സരിത് എൻ ഐ എ കേസിൽ റിമാൻഡ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചത്.

ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നും പരാതിയിലുണ്ട്. ജയിൽ അധികൃതർ നിർബന്ധിച്ചതായാണ് സരിതിന്റെ അഭിഭാഷകൻ കോടതിയോട് പറഞ്ഞത്. . എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി പറയാൻ ആകില്ലെന്നും, കോടതി മുൻപാകെ നേരിട്ട് ഹാജരാകാൻ അനുവദിക്കണമെന്നും സരിത് ആവശ്യപ്പെട്ടു. ബന്ധുക്കൾ നൽകിയ വിവരം അനുസരിച്ചാണ് പരാതി നൽകിയതെന്ന് സരിതിന്റെ അഭിഭാഷകൻ പറഞ്ഞു. ചില ദേശീയ നേതാക്കളുടെയും ബി.ജെ.പി, കോൺഗ്രസ് നേതാക്കളുടെയും പേര് പറയാൻ സമ്മർദ്ദമുണ്ടെന്നാണ് സൂചന.

സരിതിന്റെ ആവശ്യം പരിഗണിച്ച കോടതി നാളെ രാവിലെ 11ന് എൻ.ഐ.എ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ ഉത്തരവിട്ടു. ജയിലിൽ സരിതിന് മാനസിക, ശാരീരിക പീഡനം ഉണ്ടാകരുതെന്നു ജയിൽ സൂപ്രണ്ടിന് കർശന നിർദ്ദേശവും നൽകി.പ്രത്യേക സിറ്റിംഗ് നടത്തി കോടതി കേസ് കേൾക്കും. സരിത് ഏറെ ഗൗരവമുള്ള പരാതികൾ ഉന്നയിച്ചെന്നാണ് വിവരം.

Advertisement
Advertisement