ആ 'സ്യൂട്ട് കെയ്സ് കൊലയ്ക്ക് ' നാളെ കാൽ നൂറ്റാണ്ട്,​ ഡോ. ഓമനയെ കണ്ടെത്താനാവാതെ ഇന്റർപോൾ

Friday 09 July 2021 11:51 PM IST

കണ്ണൂർ : ഉറ്റസുഹൃത്തിനെ വെട്ടിനുറുക്കി ശരീരഭാഗങ്ങൾ സ്യൂട്ട് കെയ്സിലാക്കിയ ആ അരുംകൊലയ്ക്ക് നാളെ 25 വർഷം പൂർത്തിയാകുമ്പോഴും പ്രതി ഡോ. ഓമന കാണാമറയത്താണ്. കൊലയ്ക്ക് ശേഷം പിടിയിലായെങ്കിലും ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. ഇന്റർപോൾ തിരയുന്ന ഡോ. ഓമന എവിടെയെന്ന് യാതൊരു സൂചനയുമില്ല.

ഡോ.ഓമനയുടെ ക്രൂരകൃത്യം

പയ്യന്നൂരിലെ പ്രശസ്തയായ നേത്രരോഗ വിദഗ്ധയായിരുന്നു ഡോ. ഓമന. പയ്യന്നൂർ ചേടമ്പത്ത് ഗോപാലൻ നായരുടെയും പാർവതിയമ്മയുടെയും മകൾ.കൊല്ലം സ്വദേശിയായ ശിശുരോഗ വിദഗ്ധനായിരുന്നു ഭർത്താവ്.
1996 ജൂലായ് 11ന് സുഹൃത്തും പയ്യന്നൂരിലെ കരാറുകാരനുമായ അന്നൂരിലെ കെ.എം. മുരളീധരനൊപ്പം ഊട്ടിയിലേക്ക് യാത്ര തിരിച്ചു. ഊട്ടി റെയിൽവേ സ്‌റ്റേഷന്റെ വിശ്രമമുറിയിൽ വച്ച് മുരളീധരന് വിഷം കുത്തിവച്ചു. പിന്നെ ലോഡ്ജിൽ മുറിയെടുത്ത് രക്തം കട്ടപിടിക്കാനുള്ള മരുന്നും കുത്തിവച്ചു. അബോധാവസ്ഥയിലായ മുരളീധരനെ ലോഡ്ജിലെ മുറിയിൽ ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചു. കുറേ കഷ്ണങ്ങൾ സ്യൂട്ട് കെയ്സിൽ പായ്ക്ക് ചെയ്തു.ശേഷിച്ചത് ഒരു ബാഗിലാക്കി.മുറി കഴുകി വൃത്തിയാക്കി. ടാക്‌സി വിളിച്ച് അവ ഡിക്കിയിൽ കയറ്റി. ടാക്‌സി കാറിൽ കൊടൈക്കനാലിലെ വനത്തിൽ ഉപേക്ഷിക്കാൻ കൊണ്ടുപോകവെയാണ് പിടിയിലാവുന്നത്. കൊല നടക്കുമ്പോൾ ഓമനയ്ക്ക് പ്രായം 43.

തന്റെ കുടുംബം തകർത്ത, തനിക്ക് ശല്യമായി മാറിയ മുരളീധരനെ ഞാൻ കൊന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്.

ടാക്സി ഡ്രൈവറുടെ ജാഗ്രത

കാറിന്റെ ഡിക്കിയിലെ സ്യൂട്ട്‌കെയ്സും ബാഗും തിരികെ എടുക്കവേ രക്തത്തിന്റെ പാടുകൾ ശ്രദ്ധയിൽപ്പെട്ട ടാക്‌സി ഡ്രൈവർ നാട്ടുകാരുടെ സഹായത്തോടെ ഓമനയെ തടഞ്ഞുവച്ച് തമിഴ്‌നാട് പൊലീസിനെ ഏല്പിച്ചു. 2001 ജനുവരി 21ന് ജാമ്യത്തിലിറങ്ങിയ ഓമന പിന്നീട് മുങ്ങുകയായിരുന്നു.

ഒളിവിൽ കഴിഞ്ഞത് വിവിധ പേരുകളിൽ

മലേഷ്യയിലെ കോലാലംപൂരിലടക്കം നിരവധി സ്ഥലങ്ങളിൽ ഓമന ഒളിവിൽ കഴിഞ്ഞിരുന്നതായാണ് അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. ചെൽസ്റ്റിൻ മേബൽ, മുംതാസ്, ഹേമ, റോസ്‌മേരി, സുലേഖ, താജ്, ആമിന ബിൻ, അബ്ദുള്ള സാറ എന്നിങ്ങനെ പല പേരുകളിലായിരുന്നു തങ്ങിയിരുന്നത്.

മൂന്ന് വർഷം മുമ്പ് ഡോ. ഓമനയോടു സാമ്യമുള്ള സ്ത്രീയുടെ മൃതശരീരം മലേഷ്യയിലെ സുബാൽ ജായസെലേങ്കോലിൽ കണ്ടെത്തി. കെട്ടിടത്തിൽനിന്നു വീണുമരിച്ച നിലയിലായിരുന്നു. മരിച്ചത് തിരുവനന്തപുരം വലിയതുറ സ്വദേശിനിയാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

Advertisement
Advertisement