പ്രാഥമിക സഹകരണ സംഘങ്ങൾക്ക് കേരള ബാങ്കിന്റെ പുതിയ വായ്‌പ

Saturday 10 July 2021 3:50 AM IST

തിരുവനന്തപുരം: കേരള ബാങ്കിന്റെ അംഗങ്ങളായ പ്രാഥമിക കാർഷിക വായ്‌പാ സഹകരണ സംഘങ്ങൾ, അർബൻ ബാങ്കുകൾ എന്നിവയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി 'കേരള ബാങ്ക് സമഗ്ര" എന്ന പുതിയ വായ്‌പാ പദ്ധതി നടപ്പാക്കും. കൊവിഡ് പ്രതിസന്ധി മറികടക്കാൻ പ്രാഥമിക സംഘങ്ങളിലൂടെ ഗ്രാമങ്ങളിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുക, വിവരസാങ്കേതികവിദ്യ, പഠന പരിശീലനകേന്ദ്രങ്ങൾ, ആതുരാലയങ്ങൾ എന്നിവയുടെ സ്ഥാപനവും വളർച്ചയും സംഘങ്ങളിലൂടെ സാദ്ധ്യമാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് വായ്‌പാ പദ്ധതിയുടെ ബ്രോഷർ പ്രകാശനം ചെയ്‌ത് ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ പറഞ്ഞു.

കേരള ബാങ്ക് പാക്‌സ് ഡെവലപ്‌മെന്റ് വകുപ്പ് ജനറൽ മാനേജർ എ. അനിൽകുമാർ ബ്രോഷർ സ്വീകരിച്ചു. ആധുനിക കാർഷിക യന്ത്രങ്ങൾ, വാഹനങ്ങൾ, കെട്ടിട നിർമ്മാണം, കമ്പ്യൂട്ടർവത്കരണം, കോർ ബാങ്കിംഗ് സൗകര്യം തുടങ്ങി പ്രാഥമിക സംഘങ്ങളുടെ സമഗ്ര വികസനത്തിന് വായ്‌പ ലഭ്യമാണ്. സംഘങ്ങൾ ഏറ്റെടുത്ത് നടത്താനുദ്ദേശിക്കുന്ന പദ്ധതിയുടെ 80 ശതമാനം വരെ വായ്‌പ ലഭിക്കും. കേരള ബാങ്ക് സി.ഇ.ഒ പി.എസ്. രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Advertisement
Advertisement