കഥാപാത്രമല്ല, തിരഞ്ഞെടുക്കുന്നത് കഥകളാണ്, സാറാസ് കയ്യടി നേടുമ്പോൾ അന്നാബെന്നിന് പറയാനുള്ളത്
ആകെ ചെയ്തത് നാലേ നാല് സിനിമകൾ. നാലും ഒന്നിനൊന്ന് മികച്ച വേഷങ്ങൾ. അന്ന ബെൻ എന്ന നടിയുടെ കരിയർ ഗ്രാഫ് ഇങ്ങനെയാണ്. പുതിയ ചിത്രം 'സാറാസ് " കണ്ടവരെല്ലാം 'സാറ"യ്ക്കും അന്നയ്ക്കും ഒരുപോലെ കൈയടിക്കുന്നു. ഒപ്പം അച്ഛൻ ബെന്നി.പി.നായരമ്പലത്തിനും. പപ്പയും മകളുമായിട്ടുള്ള ഇരുവരുടെയും സ്ക്രീനിലെ പകർന്നാട്ടം പ്രേക്ഷകർക്കും കൗതുകമായി. പുതിയ കാലത്തിന്റെ പെൺകുട്ടിയായി അന്ന ചിത്രത്തിൽ നിറഞ്ഞു നിൽപ്പുണ്ട്. ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും അന്ന കൂളാണ്. വിശേഷങ്ങളിലേക്ക്...
സാറാസിന് നിറയെ കയ്യടികളാണ്? ഒത്തിരി സന്തോഷം തോന്നുന്നുണ്ട്. ഒരുപാട് ഹാർഡ് വർക്ക് ചെയ്ത പ്രോജക്ടാണ്. കൊവിഡിന്റെ സമയത്തായിരുന്നു ഷൂട്ടിംഗ്. ബുദ്ധിമുട്ടുകൾ ഒരുപാടുണ്ടായിട്ടുണ്ട്. സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുന്നുണ്ടെന്ന് അറിയുന്നതിൽ നല്ല സന്തോഷമുണ്ട്. ജൂഡേട്ടനാണ് ( ജൂഡ് ആന്റണി ) കഥ പറയാനായി വന്നത്. സ്ക്രിപ്ട് കേട്ടപ്പോൾ തന്നെ നല്ല ഇഷ്ടമായി, പ്രേക്ഷകർക്കും ഇഷ്ടമാകുമെന്ന് തോന്നിയിരുന്നു. ജൂഡേട്ടൻ കൃത്യമായി പറഞ്ഞു തന്നിരുന്നു സാറ എങ്ങനത്തെ കഥാപാത്രമാണെന്ന്. അത് എനിക്കും എളുപ്പമായി.
സാറയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ? വലിയ ഒരുക്കങ്ങളൊന്നും വേണ്ടി വന്നില്ല. സിനിമ പറയുന്ന വിഷയം, ഫ്രീഡം ഒഫ് ചോയ്സ് എല്ലാവർക്കും അറിയാവുന്നതാണ്. പുതിയ തലമുറയ്ക്ക് പ്രത്യേകിച്ചും. സ്വന്തമായി തീരുമാനങ്ങളെടുക്കുക എന്നത് തന്നെയാണ് എന്റെയും രീതി. അതുകൊണ്ടുതന്നെ സാറയാവുക എനിക്ക് എളുപ്പമായിരുന്നു. ഗൗരവമുള്ള ഒരു വിഷയത്തെ ലളിതമായി പറഞ്ഞിരിക്കുകയാണ് സിനിമയിൽ. ഇപ്പോൾ ഇതൊരു ചർച്ചയായിട്ടുണ്ടെങ്കിൽ അത് സന്തോഷമാണ്. ഒരുപക്ഷേ, ഒ.ടി.ടി റിലീസ് ആയതുകൊണ്ടാകാം ഇത്ര പെട്ടന്ന് ഒരുപാട് പേരിലേക്ക് എത്തിയത്.
പപ്പയും മകളും ആദ്യമായി ഒന്നിച്ച സിനിമയാണ്? അത് വലിയ സന്തോഷമാണ്. പപ്പയ്ക്കൊപ്പമാണ് അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോൾ ഞാൻ നല്ല എക്സൈറ്റഡായിരുന്നു. പപ്പയ്ക്ക് കുറച്ച് ടെൻഷനുണ്ടായിരുന്നു. പക്ഷേ, വളരെ അനായാസമായി പപ്പ അതു ചെയ്തു. ഷൂട്ടിന്റെ സമയത്ത് തന്നെ ഞങ്ങൾ പരസ്പരം അഭിനയം വിലയിരുത്തും. ഒരുപാട് നാളായി അഭിനയിക്കാത്തതിന്റെ ബുദ്ധിമുട്ട് പപ്പയ്ക്കുണ്ടായിരുന്നു. മുമ്പൊക്കെ നാടകത്തിൽ സജീവമായിരുന്നു പപ്പ. അവാർഡുകളും കിട്ടിയിട്ടുണ്ട്. പക്ഷേ,പപ്പ അഭിനയിക്കുന്നത് നേരിട്ട് ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് ഷൂട്ടിംഗ് സമയത്ത് പപ്പയുടെ ഓരോ ചലനവും നന്നായി ശ്രദ്ധിച്ചു. അഭിനയിക്കേണ്ട കാര്യമില്ലല്ലോ, പപ്പയും മകളുമായി ജീവിച്ചാൽ മതിയല്ലോയെന്ന് ജൂഡേട്ടൻ പറഞ്ഞതും ധൈര്യമായി.
നായികാപ്രാധാന്യമുള്ള സിനിമകളുടെ ഭാഗമാകുന്നത് ബോധപൂർവമാണോ? അങ്ങനെയൊരു നിർബന്ധമില്ല. ഈ അടുത്തായിട്ട് സ്ത്രീ കേന്ദ്രീകൃത സിനിമകൾ കൂടുതൽ വരുന്നുണ്ട്. അതിൽ കുറച്ച് സിനിമകൾ എനിക്ക് കിട്ടിയെന്നേയുള്ളൂ. ഒരു സ്ത്രീയെന്ന നിലയിൽ അത് സന്തോഷം തന്നെയാണ്. എനിക്ക് കണക്ടാകുന്ന വിഷയങ്ങളാണ് ഞാനെടുക്കുന്നത്. ടൈറ്റിൽ കാരക്ടർ തന്നെ വേണമെന്ന നിർബന്ധമൊന്നുമില്ല. ഈ കഥകളൊക്കെ ഒത്തിരിയിഷ്ടമായതുകൊണ്ടാണ് ഇതെല്ലാം ചെയ്തത്. എല്ലാ വേഷങ്ങളും ഒരുപാട് സ്പെഷ്യലാണ്. ഓരോന്നും വ്യത്യസ്ത ഡയറക്ടേഴ്സ്, ടീം ഒക്കെയാണ്. ഓരോന്നിൽ നിന്നും പഠിക്കാനും ഏറെയുണ്ട്.
സിനിമകളുടെ തിരഞ്ഞെടുപ്പ് എങ്ങനെയാണ്? ഞാനൊരിക്കലും കഥാപാത്രമല്ല തിരഞ്ഞെടുക്കുന്നത്. കഥകൾ തിരഞ്ഞെടുക്കാനാണ് എനിക്ക് താത്പര്യം. കഥാപാത്രത്തെ മാത്രമായി നോക്കികഴിഞ്ഞാൽ സിനിമയെന്ന കോൺസെപ്ട് മാറും. സിനിമ മൊത്തം ഇഷ്ടപ്പെടുമ്പോഴാണ് ചെയ്യാമെന്ന് ഏൽക്കുന്നത്. എന്നെ കൊണ്ട് ആ കാരക്ടർ ഡെലിവർ ചെയ്യാൻ പറ്റുമെന്ന ഉറപ്പുണ്ടെങ്കിൽ മാത്രമേ അത് കമ്മിറ്റ് ചെയ്യൂ. കഥ കേൾക്കുമ്പോൾ പ്രേക്ഷകൻ എങ്ങനെ ആസ്വദിക്കുമെന്ന് ചിന്തിക്കാറുണ്ട്. കാണാൻ താത്പര്യമുള്ള സിനിമകൾ ചെയ്യുക എന്നതാണ് പ്രധാനം.
ബേബിമോൾ, ഹെലൻ, ജെസി, സാറ.... ഏതാണ് അന്നയുമായി അടുത്തു നിൽക്കുന്നത്? നാലും പ്രിയപ്പെട്ടതാണ്. എന്നാലും ബേബിമോളാണ് ഞാനുമായി കൂടുതൽ ചേർന്നു നിൽക്കുന്നത്. ആദ്യ സിനിമയായതുകൊണ്ടും എന്നെ അടയാളപ്പെടുത്തിയ കഥാപാത്രമായതു കൊണ്ടും അതിനോട് പ്രത്യേക അടുപ്പമുണ്ട്. ബേബിമോളാണ് ഹെലനിലേക്കും ജെസിയിലേക്കുമൊക്കെ എത്തിച്ചത്. കുമ്പളങ്ങി ആദ്യ സിനിമയായിട്ടും ടെൻഷനടിക്കാതെ ചെയ്യാൻ പറ്റിയത് അതുമാത്രമാണ്. അഭിനയത്തിൽ ഒരു ഫൗണ്ടേഷൻ കിട്ടിയത് ദിലീഷേട്ടനിൽ നിന്നും ശ്യാമേട്ടനിൽ നിന്നുമാണ്. അതൊരുപാട് ഗുണമായിട്ടുണ്ട്. എല്ലാ സിനിമയ്ക്കും എനിക്കത് ഉപയോഗിക്കാൻ പറ്റുന്നുണ്ട്.
അച്ഛനെ പോലെ തിരക്കഥയെഴുത്തിലേക്കോ സാറയെ പോലെ സംവിധാനത്തിലേക്കോ പ്രതീക്ഷിക്കാമോ? നല്ല കഥാപാത്രങ്ങൾ ചെയ്യുക, നല്ല സിനിമയുടെ ഭാഗമാവുക അതാണ് ഇപ്പോഴത്തെ തീരുമാനം. അഭിനയത്തിലേക്ക് എത്തിയത് തന്നെ യാദൃശ്ചികമായിട്ടാണ്. ആകെ നാല് പടമായതേയുള്ളൂ. സിനിമകൾ ചെയ്യുക എന്നതല്ലാതെ മറ്റൊന്നും ആലോചിച്ചിട്ടില്ല. മനസിൽ കൊണ്ടു നടന്നതായിരുന്നില്ല അഭിനയം പോലും. സ്കൂളിൽ പഠിക്കുന്ന സമയത്തൊക്കെ എഴുതുമായിരുന്നു. പക്ഷേ, ഇപ്പോഴധികം ഇല്ല. പപ്പ ഒരു പേര് ഉണ്ടാക്കി വച്ചിരിക്കുന്നതു കൊണ്ട് ഞാൻ ചെയ്താൽ കുളമാകുമോ എന്നൊരു പേടിയുണ്ട്. തത്കാലം അത്തരം ചിന്തകളില്ല.
പുതിയ സിനിമകൾ? ആഷിഖേട്ടന്റെ നാരദൻ അധികം വൈകാതെ റിലീസുണ്ടാകും. പ്രതീക്ഷയുള്ള കഥാപാത്രമാണ്. ഇതുവരെ ചെയ്തതിൽ വച്ച് വ്യത്യസ്തവേഷം. ഒരു ചലഞ്ചിംഗ് വേഷമെന്ന് പറയാം. ഞാനും കാത്തിരിക്കുകയാണ് അതിന്റെ റിലീസിന്. പിന്നെ നല്ലൊരു ടീമാണ്. വികൃതിക്ക് ശേഷം എം സി ജോസഫ് സംവിധാനം ചെയ്യുന്ന 'എന്നിട്ട് അവസാനം"ആണ് ഇനി തുടങ്ങാനുള്ളത്. വ്യത്യസ്തമായ വേഷങ്ങൾ തേടി വരുന്നത് സന്തോഷമാണ്. അത് ആദ്യ സിനിമ ചെയ്യുന്ന അതേ എക്സൈറ്റ്മെന്റോടെ ഓരോന്നും ചെയ്യാൻ സഹായിക്കും. പുതിയ പുതിയ ആളുകൾക്കൊപ്പം വർക്ക് ചെയ്യാനും ഇഷ്ടമാണ്.