സഞ്ചാരികളെ കാത്ത് നെല്ലിയാമ്പതി

Sunday 11 July 2021 12:24 AM IST
നെല്ലിയാമ്പതി

വടക്കഞ്ചേരി: ലോക്ക് ഡൗണിന്റെ ആലസ്യമൊഴിഞ്ഞ് സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി നെല്ലിയാമ്പതി. രോഗവ്യാപനം കുറഞ്ഞമേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഇളവ് നൽകിയേതാടെ നെല്ലിയാമ്പതിയിലെ തൊഴിലാളികളടക്കമുള്ളവർ വലിയ പ്രതീക്ഷയിലാണ്.

ടി.പി.ആർ നിരക്കിന്റെ അടിസ്ഥാനത്തിൽ എ, ബി വിഭാഗത്തിലാണ് നിലവിൽ ഇളവുകളുള്ളത്. ജില്ലയിൽ നെല്ലിയാമ്പതിക്ക് പുറമേ അട്ടപ്പാടി, മലമ്പുഴ ഉൾപ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഇനിമുതൽ താമസം ലഭ്യമാകും. സർക്കാറിന് കീഴിലെ ഉദ്യാനങ്ങൾ, മറ്റ് കേന്ദ്രങ്ങൾ എന്നിവ പ്രവർത്തിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ലെങ്കിലും റിസോർട്ടുകളും ഹോം സ്‌റ്റേകളും പ്രവർത്തിക്കാം.

ഇതോടെ ആശ്വാസത്തിലാണ് റിസോട്ട് ഹോം സ്റ്റേ സ്ഥാപന ഉടമകളും ജീവനക്കാരും.

മൺസൂണിൽ പ്രകൃതിഭംഗി ആസ്വദിക്കാനായി യാത്ര തിരിക്കുമ്പോൾ ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ അല്ലെങ്കിൽ കൊവിഡ് വാക്‌സിൻ രണ്ട് ഡോസും സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ കൈയിൽ കരുതണം. അല്ലെങ്കിൽ താമസം സൗകര്യം ലഭിക്കില്ല. കൂടാതെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ടൂറിസം മന്ത്രാലയത്തിന്റെയും മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.

ഡാമുകൾ മുഖം മിനുക്കുന്നു

സഞ്ചാരികളെ വരവേൽക്കാൻ മുഖം മിനുക്കുകയാണ് ഡാമുകൾ. പോത്തുണ്ടി, മംഗലം ഡാമുകളിൽ സാഹസിക ടൂറിസം, മലമ്പുഴ, കാഞ്ഞിരപ്പുഴ ഡാമുകളിൽ മികച്ച പൂന്തോട്ടങ്ങളും നല്ല നടപ്പാതകളുമായി ഉദ്യാനങ്ങളെല്ലാം നവീകരിക്കുകയാണ്. സഞ്ചാരികൾക്കായുള്ള കുടിവെള്ള യൂണിറ്റ്, വൈദ്യുതീകരണം, ടോയ്ലെറ്റ് ബ്ലോക്ക്, കഫ്റ്റീരിയ, ഇരിപ്പിടങ്ങൾ എന്നിവയോടൊപ്പം താമരക്കുളം, കളിസ്ഥലം, പ്രതിമയുടെ നവീകരണവും സെൽഫി പോയന്റ് എന്നിവയും ഇവിടങ്ങളിൽ ഉണ്ടാകും. വിനോദസഞ്ചാരവകുപ്പിന് കീഴിൽവരുന്ന ഡാമുകളോട് ചേർന്ന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം ഉടൻ ഉണ്ടാകില്ല. കൊവിഡ് കുറയുന്നതിനനുസരിച്ച് മാത്രമേ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകൂ.

 വനംവകുപ്പും സജ്ജമാണ്

അനുമതി ലഭിക്കുന്ന മുറക്ക് സഞ്ചാരികളെ വരവേൽക്കാൻ വനംവകുപ്പിന് കീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളും ഒരുങ്ങുന്നു. ധോണി, മീൻവല്ലം, അനങ്ങൻമല, സൈലന്റ് വാലി, പറമ്പിക്കുളം എന്നിവിടങ്ങളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്. ആദിവാസിമേഖലകൾ കൂടിയായതിനാൽ കർശനമായാകും പ്രവേശനമുണ്ടാകുക.

Advertisement
Advertisement