കിറ്റെക്സ് വിവാദം: കേരളത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കം: മുഖ്യമന്ത്രി

Sunday 11 July 2021 3:04 AM IST

തിരുവനന്തപുരം: കേരളം നിക്ഷേപ സൗഹൃദമല്ലെന്ന വാദം ഉയർത്തുന്നത് സംസ്ഥാനത്തെ അപമാനിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കിറ്റെക്സ് വിവാദത്തെക്കുറിച്ച് പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വസ്തുതകൾക്ക് നിരക്കുന്നതല്ല ആരോപണം.
നിയമവും ചട്ടവും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. പരാതി ഉയർന്നാൽ പരിശോധിക്കുന്നത് സ്വാഭാവികമാണ്. അത് വേട്ടയാടലല്ല. ആരെയും വേട്ടയാടാൻ സർക്കാർ തയ്യാറല്ല.

വ്യാവസായികാന്തരീക്ഷം കൂടുതൽ സൗഹൃദമാക്കാനും നിക്ഷേപസൗഹൃദാന്തരീക്ഷം നല്ല രീതിയിൽ വളർത്താനും നടപടികളുമായി മുന്നോട്ടു പോകും.

വികസനം വേണമെന്ന് തെലങ്കാന ആഗ്രഹിച്ചിട്ടായിരിക്കാം വിമാനമയച്ച് കൊണ്ടുപോയതെന്നും അതെന്താകുമെന്ന് ഭാവിയിൽ വ്യക്തമാകേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗിൽ ഈ വർഷം സംസ്ഥാനത്തെ പത്താം സ്ഥാനത്തെത്തിക്കാൻ നടപടിയെടുക്കുമ്പോൾ ഒറ്റപ്പെട്ടതെന്തെങ്കിലും ചൂണ്ടിക്കാട്ടി വ്യവസായപുരോഗതി തടസപ്പെടുത്താൻ ശ്രമിക്കുന്നത് നല്ലതല്ല. അത്തരം നീക്കങ്ങൾ നാടിന്റെ മുന്നോട്ടുള്ള പോക്കിനെ തകർക്കാനുള്ളതായി വിലയിരുത്തപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സുസ്ഥിര വികസന സൂചികയിൽ ഒന്നാമത്

നിതി ആയോഗ് ഈ മാസം പ്രസിദ്ധപ്പെടുത്തിയ സുസ്ഥിര വികസന സൂചികയിൽ 75 സ്കോർ നേടി കേരളം ഒന്നാമതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായ വികസനമാണ് ഈ നേട്ടത്തിന് അടിസ്ഥാനം. നിതി ആയോഗിന്റെ ഇന്ത്യ ഇന്നവേഷൻ സൂചികയിൽ മികച്ച ബിസിനസ് സാഹചര്യം, മനുഷ്യ മൂലധനം എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനമുണ്ട്. മെച്ചപ്പെട്ട നിക്ഷേപ സാഹചര്യം എന്ന വിഭാഗത്തിൽ നാലാം സ്ഥാനത്താണ്. നാഷണൽ കൗൺസിൽ ഒഫ് അപ്ലൈഡ് എക്കണോമിക്സ് റിസർച്ചിന്റെ 2018ലെ നിക്ഷേപ സാദ്ധ്യതാ സൂചികയിൽ നാലാമതായിരുന്നു. ഭൂമി, തൊഴിൽ, രാഷ്ട്രീയസ്ഥിരത, ബിസിനസ് അവബോധം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണിത്.

പരിശോധനയ്ക്ക് കേന്ദ്രീകൃത സംവിധാനം

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനക്കായി കേന്ദ്രീകൃതമായി സോഫ്റ്റ് വെയർ അധിഷ്ഠിത പരാതി രഹിത
സംവിധാനമുണ്ടാക്കും. എല്ലാ വ്യവസായ പാർക്കുകളിലും സംരംഭകർക്ക് അതിവേഗം അനുമതി ലഭ്യമാക്കാൻ ഏകജാലക ബോർഡുകൾ രൂപീകരിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ നവീകരണത്തിനായി മാസ്റ്റർപ്ലാൻ തയാറാക്കും.
കൊച്ചി- ബംഗളൂരു വ്യവസായ ഇടനാഴിക്കായി സ്ഥലം ഏറ്റെടുക്കൽ ഡിസംബറിൽ പൂർത്തിയാക്കും.

സൂക്ഷ്മ,ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ സുഗമമാക്കൽ നിയമം പാസാക്കിയതിലൂടെ ഒരു സാക്ഷ്യപത്രം മാത്രം നൽകി വ്യവസായം തുടങ്ങാം. മൂന്നു വർഷം കഴിഞ്ഞ് ആറു മാസത്തിനകം ലൈസൻസും അനുമതികളും നേടിയാൽ മതി. ഈ സ്ഥിതി നിലവിലുള്ള ഏക സംസ്ഥാനമാണ് കേരളം.

Advertisement
Advertisement