വീരചോളൻ ഗ്രാമത്തിലെ ഈന്തപ്പഴത്തോട്ടം, സാജിദിന്റെ സ്വപ്നത്തിലെ സ്മാർട്ട് അഗ്രോ ഗ്രാമം

Sunday 11 July 2021 12:26 AM IST

കൊച്ചി:എട്ടു വർഷം മുമ്പാണ് മലയാളിയായ സാജിദ് തങ്ങൾ തമിഴ്നാട്ടിലെ വീരചോളൻ ഗ്രാമത്തിൽ നൂറ് ഈന്തപ്പന തൈകൾ നട്ടത്. അതിപ്പോൾ ദക്ഷിണേന്ത്യയിലെ ആദ്യ ഈന്തപ്പനത്തോട്ടം. 50 ഏക്കറിലായി 1,250 ഈന്തപ്പനകൾ. പൂർണവളർച്ചയെത്തിയ

300 പനകളിൽ മധുരമൂറുന്ന ഈന്തപ്പഴക്കുലകൾ. ഓരോ മരത്തിൽ നിന്നും വർഷം 300 കിലോ ഈന്തപ്പഴം.

ഇരുപത്തിയാറാം വയസിൽ മലപ്പുറം പരപ്പനങ്ങാടി അയ്യപ്പൻ കാവിൽ നിന്ന് സ്വന്തം സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാനാണ്

സാജിദ് ഇവിടെ ചുവടുറപ്പിച്ചത്. വിവിധ പഴങ്ങളുടെ തോട്ടങ്ങളും കാർഷിക ഗവേഷണ കേന്ദ്രവും നക്ഷത്ര വനങ്ങളും ഒക്കെയായി ഒരു സ്‌മാർട്ട് അഗ്രോ വില്ലേജായി ഇവിടം വളരുകയാണ്. അഞ്ഞൂറ് ഏക്കറിലേക്ക്. സഞ്ചാരികൾക്ക് ഈന്തപഴങ്ങൾ രുചിച്ച്, ശുദ്ധവായു ശ്വസിച്ച്, ആകാശ സൗന്ദര്യം നുകർന്ന് ആധുനിക സൗകര്യങ്ങളുള്ള ഗ്രാമീണ വീടുകളിൽ അന്തിയുറങ്ങാം. തീർത്ഥാടന കേന്ദ്രങ്ങൾ കടന്നുപോകുന്ന പാതയിൽ മധുരയിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് വീരചോളൻ ഗ്രാമം. സാജിദിന്റെ ഈന്തപ്പനത്തോട്ടത്തിൽ എത്തിയാൽ ഗൾഫിൽ എത്തിയ അനുഭവമാണെന്ന് ബന്ധു കൂടിയായ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

 ഈന്തപ്പനത്തോട്ടം

ഗുജറാത്തിൽ ലഭ്യമായ വിദേശ ടിഷ്യൂ കൾച്ചർ ഈന്തപ്പന തൈകളാണ് നട്ടത്. തുടക്കത്തിൽ വിളവ് പ്രതീക്ഷിച്ചപോലെ കിട്ടിയില്ല.പരാഗണത്തിന്റെ കുറവാണെന്ന് മനസിലായി. അത് പരിഹരിച്ച് 600 തൈകൾ നട്ടു. ചാണകവും ആട്ടിൻകാഷ്ഠവും രാസവളങ്ങളുമാണ് നൽകുന്നത്. 150 വർഷം വരെയാണ് ഈന്തപ്പനയുടെ ആയുസ്

 സ്‌മാർട്ട് അഗ്രോ വില്ലേജ്

ഫാമിൽ ട്രാക്ടർ റൈഡിംഗ് ഉൾപ്പെടെ സൗകര്യങ്ങൾ. മാങ്ങ, സീതപ്പഴം, പേരക്ക, സപ്പോട്ട തുടങ്ങിയ നിരവധി പഴങ്ങളും ലഭ്യം. ഫാമിൽ നക്ഷത്ര വനങ്ങളും ഗോശാലയും മറ്റും ഒരുക്കുകയാണ് സാജിദ്‌.

കൃഷിരീതി

ടിഷ്യൂകൾച്ചർ തൈകളും പെൺപനകളുടെ ചുവട്ടിൽ കുരു മുളച്ചുണ്ടാകുന്ന തൈകളുമാണ് നടീൽ വസ്തു. പരാഗണത്തിന് ആൺപനകളും വേണം. സമുദ്രനിരപ്പിൽ 200 മീറ്റർ ഉയരത്തിലുള്ളതും 45 ഡിഗ്രി സെൽഷ്യസ് വരെ ചൂടുള്ളതുമായ സ്ഥലങ്ങളിൽ ഈന്തപ്പന തഴച്ച് വളരും.

ചെലവ്:

17 ലക്ഷം:

ഒരേക്കറിലെ കൃഷിക്ക്

വരുമാനം

പ്രതിവർഷം

300 എണ്ണം:വിളവെടുക്കുന്ന പനകൾ

300 കിലോ: ഒരു പനയിലെ വിളവ്

90000 കിലോ: മൊത്തം വിളവ്

200-250 രൂപ: ഒരു കിലോയുടെ വില

1.8 കോടി: വാർഷിക വരുമാനം (മൊത്തം വിറ്റാൽ)

Advertisement
Advertisement