ഏക ജാലകം 50 വ്യവസായ പാർക്കുകളിൽ: മന്ത്രി രാജീവ്

Sunday 11 July 2021 2:36 AM IST

തിരുവനന്തപുരം: കെ.എസ്.ഐ.ഡി.സി, കിൻഫ്ര, സിഡ്‌കോ, ഡി.ഐ.സി എന്നിവയ്ക്ക് കീഴിലുള്ള സംസ്ഥാനത്തെ അമ്പതിലേറെ വ്യവസായ പാർക്കുകളിലാണ് സംരംഭക യൂണിറ്രുകളുടെ അതിവേഗ അനുമതിക്കായി ഏകജാലക ബോർഡുകൾ രൂപീകരിക്കുന്നതെന്ന് മന്ത്രി പി.രാജീവ് അറിയിച്ചു. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. വ്യവസായ പാർക്ക് വികസന പുരോഗതി വിലയിരുത്താൻ പ്രത്യേക വെബ് പോർട്ടലിന് രൂപം നൽകും.
കെ.എസ്.ഐ.ഡി.സി യുടെ കീഴിലുള്ള ലൈഫ് സയൻസ് പാർക്ക് രണ്ടാംഘട്ട പ്രവർത്തനം സെപ്തംബറോടെ തുടങ്ങും. കണ്ണൂർ വലിയ വെളിച്ചം ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്റർ, കിൻഫ്ര ഡിഫൻസ് പാർക്ക് എന്നിവിടങ്ങളിൽ നിക്ഷേപകർക്കായി പ്രത്യേക പാക്കേജുകൾ ഏർപ്പെടുത്തും. കിൻഫ്ര പെട്രോ കെമിക്കൽ പാർക്കിന് അനുബന്ധമായി ഫാർമ പാർക്ക് വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുണ്ട്. ഇതിനായി താൽപര്യപത്രം ക്ഷണിച്ചു.

സ്‌പൈസസ് പാർക്കിൽ സ്‌പൈസസ് ബോർഡുമായി ചേർന്ന് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. ലാൻഡ് ബാങ്കിന്റെ ഭാഗമായി കണ്ടെത്തിയ സ്ഥലങ്ങളിൽ വ്യവസായ സംരംഭകരെ ആകർഷിക്കാനുള്ള നടപടി സ്വീകരിക്കും.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഇളങ്കോവൻ, കെ.എസ്.ഐ.ഡി.സി എം.ഡി എം.ജി.രാജമാണിക്യം, വ്യവസായ ഡയറക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസ് തുടങ്ങിയവരും പങ്കെടുത്തു.

Advertisement
Advertisement