ചികിത്സാസഹായം തട്ടൽ -- അരുണിനായി പൊലീസ് ചെന്നൈയിലേക്ക്

Sunday 11 July 2021 12:00 AM IST

കൊച്ചി: ഗുരുതരരോഗം ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലുള്ള മൂന്നുവയസുകാരിയുടെ ചികിത്സാസഹായം അക്കൗണ്ട് തിരുത്തി തട്ടിയെടുത്ത കേസിൽ ഒളിവിൽക്കഴിയുന്ന പാലാ സ്വദേശി എരൂ‌രിലെ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന അരുൺ ജോസഫിനായി പൊലീസ് അന്വേഷണം ഊ‌ർജിതമാക്കി. ഇയാളുടെ ഫോൺ ചെന്നൈയിലെ വിവിധ ടവർ ലോക്കേഷൻ പരിധിയിൽ വന്നിട്ടുണ്ട്. അരുണിനെ പിടികൂടാൻ പ്രത്യേകസംഘം ഉടനെ ചെന്നൈയിലേക്ക് തിരിക്കും.

കേസിൽ അരുണിന്റെ അമ്മ മറിയാമ്മ, സഹോദരി അനിത എന്നിവരെ ചേരാനല്ലൂർ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തിരുന്നു. അരുണാണ് തട്ടിപ്പിന്റെ ബുദ്ധികേന്ദ്രമെന്നാണ് സൂചന. സഹകരണ ബാങ്കിൽനിന്ന് 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ അറസ്റ്റിലായ മറിയാമ്മയും അറിഞ്ഞുകൊണ്ടാണ് ചാരിറ്റി തട്ടിപ്പ് നടത്തിയത്. തട്ടിപ്പുമായി ബന്ധമില്ലെന്ന് പറയുമ്പോഴും അനിതയുടെ അക്കൗണ്ടിലേക്കും പണം മാറ്റിയിട്ടുണ്ട്. ഇക്കാര്യവും പരിശോധിക്കും. അമ്മയും മകളും റിമാൻഡിലാണ്. കൊച്ചിയിലെ ഒരു ട്രാവൽസിൽ ഡ്രൈവറാണ് അരുൺ. എരൂരിലെ ഫ്ലാറ്റിൽ മാസം 16000 രൂപ വാടക നൽകിയാണ് ഇവർ താമസിക്കുന്നത്.

പ്രതികൾ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഒരു ലക്ഷത്തോളം രൂപ ഇവർ അക്കൗണ്ടിൽനിന്ന് പിൻവലിച്ചിട്ടുണ്ട്. പെരുമ്പാവൂർ രായമംഗലം സ്വദേശിയായ മന്മഥൻ പ്രവീണിന്റെ മകളുടെ ചികിത്സയ്ക്കായി സാമൂഹ്യമാദ്ധ്യമങ്ങളിൽ സഹായം അഭ്യർത്ഥിച്ച് പോസ്റ്റിട്ടിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് സഹായവുമെത്തി. ഈ മാസം ഏഴിന് ഒരു ഡോക്ടറാണ് മകളുടെ ഫോട്ടോ ഉപയോഗിച്ച് തട്ടിപ്പുനടത്തുന്ന വിവരം പ്രവീണിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്.

വിവിധ ഫേസ്ബുക്ക് അക്കൗണ്ടകൾ വഴിയായിരുന്നു കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചുള്ള പണപ്പിരിവ്. ഇവരുടെ വിലാസവും ഗൂഗിൾപേ നമ്പരും സഹായ അഭ്യർത്ഥനയ്‌ക്കൊപ്പം ചേർത്തിരുന്നു. തട്ടിപ്പ് ആരംഭിച്ച് മൂന്നാംദിവസം തന്നെ അമ്മയും മകളും കുടുങ്ങി. ഇവർ തട്ടിയെടുത്ത പണം കുട്ടിയുടെ ചികിത്സയ്ക്കായി കൈമാറാനുള്ള സാദ്ധ്യത പൊലീസ് തേടുന്നുണ്ട്.

Advertisement
Advertisement