അമ്പലപ്പുഴയിലെ വീഴ്ച : ജി.സുധാകരനെതിരെ സി.പി.എം കമ്മിഷന്റെ അന്വേഷണം

Sunday 11 July 2021 12:45 AM IST

തിരുവനന്തപുരം:അമ്പലപ്പുഴ മണ്ഡലത്തിൽ ജയിച്ചെങ്കിലും മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി.സുധാകരൻ ഉൾപ്പെടെ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ അലംഭാവം കാട്ടിയെന്ന ജില്ലാ കമ്മിറ്റിയുടെ വിമർശനം പരിശോധിക്കാൻ രണ്ടംഗ കമ്മിഷനെ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം നിയോഗിച്ചു. കേന്ദ്രകമ്മിറ്റി അംഗം എളമരം കരീമും സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ജെ. തോമസുമാണ് അംഗങ്ങൾ. സംസ്ഥാനകമ്മിറ്റി അംഗമാണ് സുധാകരൻ.

അല്പം കൂടി ജാഗ്രത കാട്ടിയെങ്കിൽ ജയിക്കാമായിരുന്നെന്ന് വിലയിരുത്തിയ കുണ്ടറ, കരുനാഗപ്പള്ളി, തൃപ്പൂണിത്തുറ, പാലാ, കല്പറ്റ മണ്ഡലങ്ങളിലെ പ്രവർത്തനവീഴ്ചകൾ ജില്ലാതലത്തിൽ പരിശോധിക്കും. ഘടകകക്ഷികൾ ആക്ഷേപമുയർത്തിയ പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലും പരിശോധനയുണ്ടാകും. അരുവിക്കര മണ്ഡലത്തിൽ ജില്ലാ സെക്രട്ടേറിയറ്റംഗം വി.കെ.മധുവിനെതിരെയും അന്വേഷണമുണ്ട്.

ജി.സുധാകരനെതിരെ ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലെന്നപോലെ സംസ്ഥാന കമ്മിറ്റിയോഗത്തിലും വിമർശനമുണ്ടായി. ജില്ലാ കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്ന സുധാകരൻ വെള്ളിയാഴ്ചയും ഇന്നലെയും ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും പങ്കെടുത്തില്ല.

ജി.സുധാകരനെതിരെ സംസ്ഥാന കമ്മിറ്റിയിൽ സജി ചെറിയാൻ, സി.ബി.ചന്ദ്രബാബു തുടങ്ങിയവർ വിമർശനമുയർത്തി. സിറ്റിംഗ് എം.എൽ.എയായിരുന്ന ജി. സുധാകരന്റെ ഓഫീസിന്റെ അറിവോടെയാണ് താൻ എസ്.ഡി.പി.ഐക്കാരനാണെന്ന് ആരോപിക്കുന്ന പോസ്റ്ററുകൾ അമ്പലപ്പുഴയിൽ പ്രത്യക്ഷപ്പെട്ടതെന്ന് അവിടെ ജയിച്ച എച്ച്. സലാം, ആലപ്പുഴ ജില്ലാകമ്മിറ്റി യോഗത്തിൽ തുറന്നടിച്ചിരുന്നു. പോസ്റ്റർ പ്രചാരണമുണ്ടായപ്പോൾ ആലപ്പുഴയിൽ തോമസ് ഐസക് തള്ളിപ്പറഞ്ഞതു പോലെ സുധാകരൻ ചെയ്തില്ലെന്നും എ.വിജയരാഘവന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗം വിമർശിച്ചിരുന്നു. വിഷയം ഗൗരവമായി പരിശോധിക്കുമെന്ന് വിജയരാഘവൻ അന്ന് അറിയിച്ചതാണ്.

സംസ്ഥാന കമ്മിറ്റിയിൽ വിജയരാഘവൻ അവതരിപ്പിച്ച അവലോകന റിപ്പോർട്ടിലും അമ്പലപ്പുഴയിലെ വീഴ്ച ചൂണ്ടിക്കാട്ടി. റിപ്പോർട്ടിന്റെ ചർച്ചയ്ക്ക് ഇന്നലെ വിജയരാഘവന്റെ മറുപടിയിലാണ് രണ്ടംഗ കമ്മിഷനെ നിയോഗിച്ചത്.

വീണ്ടും ഭരണത്തുടർച്ച ലക്ഷ്യം

ഭരണത്തുടർച്ച വീണ്ടുമുണ്ടാകാനുള്ള പ്രവർത്തനം പാർട്ടിയിലും ഭരണത്തിലും ഇപ്പോഴേ ഉണ്ടാകണമെന്ന് സംസ്ഥാന കമ്മിറ്റി യോഗം നിർദ്ദേശിച്ചു. ഇതിനുള്ള കർമ്മപരിപാടികൾ പിന്നീട് നിശ്ചയിക്കും. ഭരണം സംഘർഷങ്ങളില്ലാതെ, സമാധാനപൂർണമായി കൊണ്ടുപോകാൻ ജാഗ്രത കാട്ടണം. ഒന്നാം പിണറായി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ ശക്തമായി തുടരണം.

Advertisement
Advertisement