ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി, അയ്യനെ കാണാതെ മടക്കം, ഇനി കോഴിക്കോട്

Sunday 11 July 2021 12:28 AM IST

പത്തനംതിട്ട : കൊവിഡ് സാഹചര്യത്തിനിടെയാണ് ജില്ലയിൽ കളക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ചാർജെടുക്കുന്നത്. ശേഷം പാർലമെന്റ് , തദ്ദേശ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു. ഇനി തിങ്കളാഴ്ച കോഴിക്കോട് ജില്ലാ കളക്ടറായി ചാർജെടുക്കും.

അസിസ്റ്റന്റ് കളക്ടറായി കോട്ടയം ജില്ലയിലും സബ് കളക്ടറായി ഇടുക്കി ജില്ലയിലും തിരുവനന്തപുരം കോർപറേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. മൂന്നു വർഷം സിവിൽ സപ്ലൈസ് ഡയറക്ടറായിരുന്നു. ശേഷം സഹകരണ വകുപ്പ് രജിസ്ട്രാർ ആയി.

ആറ് മാസം ജില്ലയിൽ ?

ആറ് മാസം നല്ല രീതിയിലാണ് കടന്നു പോയത്. പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പുകാലത്ത് പോലും ജില്ലയിൽ വളരെ നല്ല പ്രതികരണമാണ് ലഭിച്ചത്. ഡോക്ടർ ആയതിനാൽ കൊവിഡ് പ്രതിരോധത്തിന് കുറച്ച് കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കാൻ സാധിച്ചിട്ടുണ്ട്.

ആദ്യമായി പത്തനംതിട്ടയിൽ ?

ഇവിടെ ആദ്യമായി കളക്ടറായെത്തുമ്പോൾ ഏൽപ്പിക്കുന്ന ജോലി ഭംഗിയായി ചെയ്യണമെന്നുണ്ടായിരുന്നു. അത് കഴിയുന്ന രീതിയിൽ നിറവേറ്റിയെന്നാണ് വിശ്വാസം.

നേരിട്ട വെല്ലുവിളി ?

കൊവിഡ് പ്രതിരോധം തന്നെയായിരുന്നു പ്രധാന വെല്ലുവിളി. അതിൽ ആരോഗ്യ വകുപ്പിനെയാണ് അഭിനന്ദിക്കേണ്ടത്. ജില്ലയിലെ എല്ലാ വകുപ്പുകളും ഒരു പോലെ പ്രവർത്തിച്ചു.

പത്തനംതിട്ടയിലെ ജനങ്ങൾ ?

എല്ലാവരും നന്നായി തന്നെയാണ് പെരുമാറിയത്. മറ്റ് ജില്ലകളിലുള്ളവരേക്കാൾ ശാന്തമാണ് പത്തനംതിട്ട.

ചെയ്യാതെ പോയ പദ്ധതികൾ ?

പദ്ധതികൾ രൂപീകരിക്കാൻ സാധിച്ചില്ലെന്നതാണ് സത്യം. ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിറവേറ്റാനെ സാധിച്ചിള്ളു. തിരഞ്ഞെടുപ്പും കൊവിഡ് പ്രതിരോധവുമെല്ലാമായി തിരക്കായിരുന്നു.

നഷ്ടമായി തോന്നുന്നത് ?

മാരാമണ്ണിലും ശബരിമലയിലും ഭാഗമാകാൻ കഴിഞ്ഞില്ല. ജില്ലയിലെ ഒരു സാംസ്കാരിക പരിപാടിയിലും നന്നായി പങ്കെടുക്കാൻ കഴി‌ഞ്ഞില്ല.

മടക്കം അയ്യപ്പനെ കാണാതെ ?

പത്തനംതിട്ടയിൽ വന്നിട്ട് ശബരിമല സന്നിധാനത്ത് പോകാൻ കഴിഞ്ഞില്ല. ശബരിമല കാലം കഴിഞ്ഞാണ് വന്നത്. പമ്പയിൽ പോയിരുന്നു. മുമ്പ് രണ്ട് തവണ ശബരിമലയിൽ ഔദ്യോഗികമായി എത്തിയിട്ടുണ്ട്. കേരളത്തിൽ എത്തിയിട്ട് എട്ട് വർഷമാകുന്നു.

Advertisement
Advertisement