എല്ലാവർക്കുമായി തുറന്നിട്ട കവാടം

Saturday 10 July 2021 11:30 PM IST

കോട്ടയ്ക്കൽ: പി.കെ.വാര്യരുടെ കോട്ടയ്ക്കലിലെ വസതിയായ കൈലാസമന്ദിരത്തിന്റെ കവാടം തന്നെ സർവമതസമ ഭാവനയുടേതാണ്. ഇവിടെ എത്തുന്ന ആർക്കും തെളിഞ്ഞു കാണാം ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ മതചിഹ്നങ്ങൾ ഒരുപോലെ കൊത്തിയത്. സ്ഥാപകനായ പി.എസ്. വാര്യരുടെ കാലം മുതൽ ജാതിമതഭേദമില്ലാതെ എല്ലാവരെയും ചേർത്തുപിടിച്ചിട്ടുണ്ട് ആര്യവൈദ്യശാല. ആ പാരമ്പര്യം പി.കെ. വാര്യർ ഊട്ടിയുറപ്പിച്ച എണ്ണമറ്റ കഥകൾ പറയാനുണ്ട് കോട്ടയ്ക്കൽ നിവാസികൾക്ക്.

ആര്യവൈദ്യശാല പരിധിയിൽ വിശ്വംഭര ക്ഷേത്രം പണിതപ്പോൾ അവിടെ എല്ലാവർക്കും പ്രവേശനം അനുവദിച്ചു. പി.കെ.വാര്യരുടെ വാക്ക് കഴിഞ്ഞേ കോട്ടയ്ക്കലുകാർക്ക് മറ്റെന്തുമുള്ളൂ. പി.കെ. വാര്യർ അലോപ്പതി അഭ്യസിച്ചത് ഡോ. വർഗ്ഗീസിൽ നിന്നായിരുന്നു. പാണക്കാട് കുടുംബവുമായും അടുത്ത ബന്ധം പുലർത്തി. വളരെക്കാലം തന്റെ ഡ്രൈവറായിരുന്ന മൊയ്തീൻകുട്ടിയുമായും ആത്മബന്ധം പുലർത്തി. 1924ൽ തുടങ്ങിയ ധർമ്മാശുപത്രിയിൽ ലക്ഷക്കണക്കിന് ആളുകൾ ചികിത്സ തേടിയിട്ടുണ്ട്. രോഗമെന്ന കടമ്പയല്ലാതെ മറ്റൊന്നും അവർക്ക് മുന്നിൽ തടസ്സമല്ലായിരുന്നു. പി.കെ.വാര്യർ സൂക്ഷിക്കുന്ന ഈ ഹൃദയബന്ധത്തിന്റെ അടയാളമാണ് കൈലാസ മന്ദിരത്തിന്റെ കവാടം.

Advertisement
Advertisement