അതിശക്ത മഴയ്ക്ക് സാദ്ധ്യത; ഓറഞ്ച് അലർട്ട്

Sunday 11 July 2021 12:33 AM IST
കനത്ത മഴയി​ൽ പെരുന്തേനരുവി​ ഡാം നി​റഞ്ഞുകവി​ഞ്ഞ് ഒഴുകുന്നു

പത്തനംതിട്ട : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനപ്രകാരം ഇന്ന് ജില്ലയിൽ അതിശക്ത മഴയ്ക്കുള്ള സാദ്ധ്യത കണക്കിലെടുത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്നലെ രാവിലത്തെ മഴയിൽ പമ്പയിൽ റാന്നി ഭാഗങ്ങളിൽ ചെറിയ തോതിൽ ജലനിരപ്പ് ഉയർന്നു. വൈകിട്ടോടെ താഴ്ന്നു.

ജാഗ്രത വേണം

2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ ഉള്ളവരും അപകട സാദ്ധ്യത മേഖലകളിൽ ഉള്ളവരും ജാഗ്രത പാലിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ തയാറാവണം. നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുത്.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യരുത്. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെ ശ്രദ്ധിക്കണം. അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാദ്ധ്യത മുൻകൂട്ടി കണ്ട് തയാറെടുപ്പുകൾ നടത്തണം. അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം.

മൂന്ന് കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

മല്ലപ്പള്ളി : കനത്ത മഴയെ തുടർന്ന് സംരക്ഷണ ഭിത്തിയിടിഞ്ഞത് മൂന്ന് വീടുകൾക്ക് ഭീഷണിയായി. ആനിക്കാട് വെങ്ങളത്തുകുന്നേൽ പ്രാട്ട് വീട്ടിൽ രാജപ്പൻ, എൻ.സി.തമ്പി, വി.കെ.സോമൻ എന്നിവരുടെ വീടുകൾക്കാണ് നാശം സംഭവിച്ചത്. വീടിനോട് ചേർന്നുള്ള 20 അടിയോളം പൊക്കമുള്ള കൂറ്റൻ സംരക്ഷണ ഭിത്തി ഇടിഞ്ഞുവീഴുകയായിരുന്നു. മൂന്ന് കുടുംബങ്ങളെയും റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സമീപത്ത സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

കോസ്‌വേകൾ വെള്ളത്തിനടിയിൽ

റാന്നി : കനത്ത മഴയെ തുടർന്ന് കുറുമ്പൻമൂഴി, മുക്കം കോസ് വേകളിൽ വെള്ളം കയറി. ഇതോടെ കുരുമ്പൻമൂഴി പ്രദേശം ഒറ്റപ്പെട്ടു. പമ്പാനദി കരകവിഞ്ഞ് റാന്നി ഉപാസനകടവിൽ വെള്ളംകയറി. എസ്.സി പടിയിലും ചെത്തോംങ്കരയിലും വെള്ളം കയറി സംസ്ഥാന പാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. മൂന്നുവശം വനത്താലും ഒരുവശം പമ്പാനദിയാലും ചുറ്റപ്പെട്ട അരയാഞ്ഞിലിമൺ, കുരുമ്പൻമൂഴി പ്രദേശങ്ങൾ ഒറ്റപ്പെട്ടിരിക്കുകയാണ്. അരയാഞ്ഞിലിമണ്ണുകാർക്ക് രക്ഷയായിരുന്ന തൂക്കുപാലം തകർന്നത് കൂടുതൽ ദുരിതമായി. 2018ലെ പ്രളയത്തിലാണ് തൂക്കുപാലം തകർന്നത്.

മൂഴിയാർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴയെത്തുടർന്ന് ഇന്നലെ രാത്രിയിൽ ഡാമിന്റെ സംഭരണ ശേഷിയോളം വെള്ളം ഉയർന്നു.തുടർന്ന് മുൻകരുതൽ എന്ന നിലയിൽ മൂന്നു ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്തി. സായിപ്പികുഴി തോട്ടിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇതോടൊപ്പം മണിയാർ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. കക്കാട്ടറിലും പമ്പയാറിലും ജലനിരപ്പ് ഉയരുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മണിമലയാറിൽ ജലനിരപ്പ് ഉയർന്നു

മല്ലപ്പള്ളി : തോരാത്ത മഴയിൽ മണിമലയാറിൽ ജലനിരപ്പ് ഉയർന്നു. ആനിക്കാട്, കോട്ടാങ്ങൽ, മല്ലപ്പള്ളി, കല്ലൂപ്പാറ പഞ്ചായത്തുകളിലെ നീരൊഴുക്കുചാലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം നിറഞ്ഞു. കൃഷിനാശവും വ്യാപകമാണ്. കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ മഴകനത്താൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നതിനുള്ള സാദ്ധ്യത ഏറെയണ്.

Advertisement
Advertisement