തെലങ്കാനയിൽ കൂടുതൽ പദ്ധതികളിലേക്ക് കിറ്റെക്‌സ്

Sunday 11 July 2021 3:06 AM IST

 ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നും ചർച്ച

 കൊച്ചിയിലേക്കുള്ള യാത്ര ഇന്നത്തേക്ക് മാറ്റി

കൊച്ചി: തെലങ്കാനയിലെ കക്കാത്തിയ ടെക്‌സ്‌റ്റൈൽ പാർക്കിൽ ആദ്യഘട്ടമായി 1,000 കോടി രൂപയുടെ നിക്ഷേപത്തിന് തെലങ്കാന സർക്കാരുമായി ധാരണയിലെത്തിയ കിറ്റെക്‌സ് ഗ്രൂപ്പ്, കൂടുതൽ പദ്ധതികൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി ഇന്നും ചർച്ച തുടരും. ഇതിന്റെ ഭാഗമായി കൊച്ചിയിലേക്കുള്ള യാത്ര തെലങ്കാന സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം കിറ്റെക്‌സ് സംഘം ഇന്നത്തേക്ക് മാറ്റി.

കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു എം. ജേക്കബിന് പുറമേ ഡയറക്‌ടർമാരായ ബെന്നി ജോസഫ്, കെ.എൽ.വി. നാരായണൻ, ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് ഹർകിഷൻ സിംഗ് സോധി, സി.എഫ്.ഒ ബോബി മൈക്കിൾ, ജനറൽ മാനേജർ സജി കുര്യൻ എന്നിവരാണ് സംഘത്തിലുള്ളത്. 4,000 പേർക്ക് തൊഴിൽ ലഭിക്കുന്ന പദ്ധതിയാണ് തെലങ്കാന വ്യവസായ മന്ത്രി കെ.ടി. രാമറാവുവുമായി ഹൈദരാബാദിൽ നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷം വെള്ളിയാഴ്‌ച കിറ്റെക്‌സ് പ്രഖ്യാപിച്ചത്.

കേരളത്തിൽ ഉപേക്ഷിച്ച 3,500 കോടി രൂപയുടെ അപ്പാരൽ പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികൾ തെലങ്കാനയിൽ നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾക്കായാണ്, തെലങ്കാന സർക്കാർ അയയ്ച്ച പ്രത്യേക വിമാനത്തിൽ കിറ്റെക്‌സ് സംഘം ഹൈദരാബാദിലെത്തിയത്. തെലങ്കാനയിൽ നിക്ഷേപത്തിന് തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്‌ച കിറ്റെക്‌സിന്റെ ഓഹരിവില 19.72 ശതമാനം വർദ്ധിച്ച് 140.55 രൂപയിൽ എത്തിയിരുന്നു.

Advertisement
Advertisement