അനിശ്ചിതത്വത്തിൽ ആദിവാസികൾ

Sunday 11 July 2021 1:12 AM IST

കോതമംഗലം: ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ സമരം ചെയ്യുന്ന അറാക്കാപ്പിൽ നിന്നുള്ള ആദിവാസി കുടുംബങ്ങളുടെ ജീവിതം അനിശ്ചിതത്വത്തിലേക്ക്. തൃശൂർ ജില്ലയിലെ മലക്കപ്പാറയിലെ അറാക്കാപ്പിൽ നിന്നും വനത്തിലൂടെ കാൽനടയായി ഇവർ ഇടമലയാറിൽ എത്തിിയിട്ട് ആറുദിവസമായി. മലയാറ്റൂർ ഡി.എഫ്. ഒയുടെയും ട്രൈബൽ ഓഫീസർമാരുടെയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ മൂന്നു ദിവസത്തിനകം പുനരധിവാസ കാര്യത്തിൽ തീരുമാനം ഉണ്ടാകും എന്നാണ് അറിയിച്ചിരുന്നത്. ഇതുവരെയും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഒരു രീതിയിലുള്ള തീരുമാനവും ഉണ്ടായിട്ടില്ല. കൈയിലുള്ള ആഹാര സാധനങ്ങൾ എല്ലാം തന്നെ തീരാറായി. കഴിഞ്ഞദിവസം യു.ഡി.എഫ് എറണാകുളം ജില്ലാ കൺവീനർ എത്തിച്ച ആഹാര സാധനം മാത്രമേ കൈവശം ഉള്ളൂ. അത് തീർന്നാൽ എന്തു ചെയ്യുമെന്ന് ആശങ്കയിലാണ് ആദിവാസി കുടുംബങ്ങൾ. ആദിവാസി കുടുംബങ്ങളുമായി അടുത്തിടപഴകിയ ഫോറസ്റ്റ് വാച്ചർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ സമരം ചെയ്യുന്ന എല്ലാവരും ട്രൈബൽ ഹോസ്റ്റലിൽ ക്വാറന്റൈനിലാണ്.

 കൊവിഡ് ടെസ്റ്റ് നടന്നില്ല

അറാക്കാപ്പിൽ നിന്നുള്ള ആദിവാസികളെ ഇന്ന് കൊവിഡ് ടെസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. കൊവിഡ് രോഗിയുമായി സമ്പർക്കം വന്ന് 7 ദിവസം കഴിഞ്ഞാലേ രോഗബാധ കണ്ടെത്താനാവൂ എന്ന് വിശദീകരിച്ചാണ് ആരോഗ്യവകുപ്പ് തീരുമാനം മാറ്റിയത്. തിങ്കളാഴ്ച ടെസ്റ്റ് നടത്തുമെന്നാണ് ഇപ്പോൾ പറയുന്നത്.

 അടിയന്തര പഞ്ചായത്ത് യോഗം നാളെ അടിയന്തരമായി കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി ചേർന്ന് ആദിവാസി പ്രശ്നം ചർച്ച ചെയ്യും.

ബിൻസി, വൈസ് പ്രസിഡന്റ്

Advertisement
Advertisement