അനാഥമാവില്ല, അറിവിന്റെ അക്ഷരത്തറവാട്

Sunday 11 July 2021 12:44 AM IST
കൊ​ല്ലം​ ​പ​ബ്ലി​ക് ​ലൈ​ബ്ര​റി​ ​

കൊല്ലം പബ്ലിക് ലൈബ്രറി ആഗസ്റ്റ് 2ന് തുറക്കും

കൊല്ലം: കൊല്ലം പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം ആഗസ്റ്റ് രണ്ട് മുതൽ പുനരാരംഭിക്കും. അഞ്ച് വർഷത്തിലേറെയായി കൂടാതിരുന്ന ലൈബ്രറിയുടെ ജനറൽബോഡി യോഗവും വിളിച്ചുചേർക്കും. കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗവേണിംഗ് ബോഡിയോഗത്തിലാണ് തീരുമാനം.

കൊവിഡ് ഒന്നാംഘട്ടത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപേ കഴിഞ്ഞ വർഷം മാർച്ച് 16നാണ് പബ്ലിക് ലൈബ്രറി അടച്ചത്. ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ മറ്റെല്ലാ ലൈബ്രറികളും തുറന്നിട്ടും കൊല്ലം പ്ലബിക് ലൈബ്രറി തുറക്കാൻ ഗവേണിംഗ് ബോഡി ചെയർമാനായ കളക്ടർ അനുമതി നൽകിയിരുന്നില്ല. തുറന്നാൽ ജീവനക്കാർക്ക് എങ്ങനെ ശമ്പളം നൽകും എന്നതായിരുന്നു പ്രശ്നം.

ചിതലെടുത്ത് പുസ്തകങ്ങൾ

പൊടിതട്ടാൻ ഇടയ്ക്കിടെ ജീവനക്കാരെ നിയോഗിച്ചിരുന്നെങ്കിലും പുസ്തകങ്ങൾ ചിതലെടുത്തുതുടങ്ങി. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പ്രതിഷേധം ശക്തമായതോടെയാണ് കളക്ടർ ഗവേണിംഗ് ബോഡി വിളിച്ചുചേർത്തത്. ജനറൽ ബോ‌ഡി വിളിച്ചുചേർക്കുന്നതിന് ബൈലോയിൽ പറ‌ഞ്ഞിട്ടുള്ള നടപടികൾ ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി ജനറൽ ബോഡി ചേരാതിരുന്ന അഞ്ച് വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ​- ചെലവ് കണക്കും തയ്യാറാക്കി ഗവേണിംഗ് ബോഡിയുടെ അംഗീകാരം വാങ്ങും. ജനറൽബോഡിയിൽ പുതിയ ഭരണസമിതി തിര‌ഞ്ഞെടുപ്പ് നടക്കുന്നതിനാൽ അംഗത്വപട്ടികയും പുതുക്കും.

ശമ്പളക്കുടിശിക

കൊടുത്തുതീർക്കും

ജീവനക്കാരുടെ ശമ്പളക്കുടിശിക 12 മാസം കൊണ്ട് കൊടുത്തുതീർക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ട് ഫിനാൻസ് കമ്മിറ്റി യോഗം ചേരും. ജനറൽ ബോഡി ചേരുന്നതുമായി ബന്ധപ്പെട്ട നടപടികൾ വിലയിരുത്താൻ രണ്ട് മാസത്തിന് ശേഷം വീണ്ടും ഗവേണിംഗ് ബോഡ‌ി ചേരും. ലൈബ്രറി വളപ്പിലെ സോപാനം ഒാഡിറ്റോറിയം, സാവിത്രി ഹാൾ, സരസ്വതി ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനം കൊണ്ടാണ് ജീവനക്കാർക്ക് ആദ്യകാലംമുതൽ ശമ്പളം നൽകിയിരുന്നത്. കൊവിഡ് വന്നതോടെ ഓഡിറ്റോറിയം, ഹാൾ എന്നിവിടങ്ങളിൽ നിന്നുള്ള വരുമാനവും നിലച്ചു.

സ്ഥിരം ജീവനക്കാർ: 14

താത്കാലിക ജീവനക്കാർ: 4

Advertisement
Advertisement