സ്വർണക്കടത്ത് കേസ് അട്ടിമറി വിലപ്പോവില്ല: ചെന്നിത്തല

Monday 12 July 2021 12:00 AM IST

തിരുവനന്തപുരം: കള്ളത്തെളിവുണ്ടാക്കി സ്വർണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ശ്രമം വിലപ്പോവില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസ് നേതാക്കളുടെ പേര് പറയാൻ ജയിൽ സൂപ്രണ്ടും ഉദ്യോഗസ്ഥരും സമ്മർദ്ദം ചെലുത്തിയെന്നും പീഡിപ്പിച്ചെന്നും പ്രതി പി.എസ്. സരിത്ത് കോടതിയിൽ മൊഴി നൽകിയെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിട്ടുണ്ട്. കേസ് അട്ടിമറിക്കാൻ പിണറായി സർക്കാർ എന്തും ചെയ്യാൻ മടിക്കില്ലെന്നതിന് തെളിവാണിത്. തന്റെ പേര് പറയാനാണ് സമ്മർദ്ദം ചെലുത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിന് മുഖ്യമന്ത്റി മറുപടി പറയണം.

ജയിൽ വകുപ്പും പൊലീസും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്റിയുടെ അറിവും സമ്മതവുമില്ലാതെ ഇത് സംഭവിക്കില്ല. സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ മുഖ്യമന്ത്റിക്കെതിരായ മൊഴികൾ കോടതിയുടെ മുന്നിലുണ്ട്. മുഖ്യമന്ത്റിയുടെ നേരിട്ടുള്ള പങ്കു പോലും പ്രതികൾ ആരോപിച്ചിട്ടുണ്ട്. അപ്പോൾ തന്റെ പേരു കൂടി പറയിച്ചാൽ മുഖ്യമന്ത്റിയെ രക്ഷപ്പെടുത്താം എന്ന കുബുദ്ധിയാണ് ഇതിന് പിന്നിൽ.

കേസ് അട്ടിമറിക്കുന്നതിനെതിരെ സ്വതന്ത്റമായ അന്വേഷണം വേണം. നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടാക്കിയ സി.പി.എം - ബി.ജെ.പി രഹസ്യ ധാരണയിലാണ് സ്വർണക്കടത്തു കേസ് അന്വേഷണം മരവിപ്പിച്ചത്. ആ ധാരണയ്ക്ക് എന്തു പ​റ്റിയെന്ന് സി.പി.എം - ബി.ജെ.പി നേതാക്കൾ വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു.