പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത: കൊവിഡിലും ലോക്കാകാതെ വികസനം

Sunday 11 July 2021 10:51 PM IST
നിർമ്മാണം നടക്കുന്ന പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പത്തനാപുരം കല്ലുംകടവ് ജംഗ്ഷനിലുള്ള പാലം പൊളിച്ചു നീക്കി മണ്ണെടുക്കുന്നു

കൊല്ലം: കൊവിഡ് പ്രതിസന്ധികൾക്കിടയിലും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാത വികസനം മുന്നേറുന്നു. മലയോര മേഖലയുടെ വികസനത്തിന് വലിയ പ്രതീക്ഷ നൽകുന്ന പാതയുടെ നിർമ്മാണം ആരംഭിച്ചത് കഴിഞ്ഞ ഡിസംബറിലാണ്. പൊൻകുന്നം മുതൽ പുനലൂർവരെ 82.11 കിലോമീറ്റർ ദൂരത്തിൽ റോഡ് വീതികൂട്ടി വളവുകൾ നിവർത്തി ഡി.ബി.എം ആൻഡ് ബി.സി ടാറിംഗ് നടത്തുന്നതാണ് പദ്ധതി.

കോന്നി മുതൽ പ്ളാച്ചേരി വരെയുള്ള 30.16 കിലോമീറ്റർ റോഡുപണി ഒക്ടോബറിൽ തീർക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിന്റെ ഭാഗമായി മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞയാഴ്ച സ്ഥലം സന്ദർശിച്ച് നിർമ്മാണപുരോഗതി വിലയിരുത്തി. കൊല്ലം ജില്ലയുടെ ഭാഗംകൂടി ഉൾപ്പെടുന്ന പുനലൂർ മുതൽ കോന്നി വരെയുള്ള മേഖലകളിലും നിർമ്മാണം അതിവേഗം മുന്നേറുകയാണ്.

കൊല്ലം ജില്ലയിൽ 14 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മാണം. പുനലൂരിനും കോന്നിക്കും മദ്ധ്യേ 10 മീറ്റർ റോഡ് ടാറിംഗിന് പുറമേ ഇരുവശങ്ങളിലുമായി 36 കിലോമീറ്ററിൽ ഓടകളും 99 കലുങ്കുകളും 2 വലിയ പാലങ്ങളും 3 ചെറിയ പാലങ്ങളും നിർമ്മിക്കേണ്ടതുണ്ട്. ഈ ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

2 വലിയ പാലങ്ങൾ

പുനലൂർ മുക്കടവിൽ 50 മീറ്റർ നീളത്തിലും പത്തനാപുരം കല്ലുംകടവിൽ 44 മീറ്റർ നീളത്തിലുമാണ് പുതിയ പാലങ്ങൾ. ഇതിനുപുറമേ കൂടൽ, വകയാർ, കോന്നി എന്നിവിടങ്ങളിലെ ചെറിയ പാലങ്ങളും പുനർ നിർമ്മിക്കണം. വാഹനഗതാഗതം വഴിതിരിച്ചുവിട്ട ശേഷമേ നിർമ്മാണം ആരംഭിക്കൂ. ചില സ്ഥലങ്ങളിൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. പുനലൂർ മുതൽ കോന്നി വരെയുള്ള ഭാഗം 2022 ഒക്ടോബറിൽ പൂർത്തിയായേക്കും. ഇതുവരെ 10 ശതമാനം ജോലികളാണ് പൂർത്തിയായത്. 14 മീറ്ററാണ് റോഡിന്റെ വീതി. ഇരുവശങ്ങളിലും രണ്ട് മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്.

പ്രയോജനങ്ങൾ

1. ശബരിമല തീർത്ഥാടകർക്ക് ഗുണകരമാകും

2. എം.സി റോഡിലെ വാഹനത്തിരക്ക് കുറയും

3. തിരുവനന്തപുരത്ത് നിന്ന് പൊൻകുന്നം, പാലാ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ വേഗത്തിലെത്താം

4. പുനലൂർ, പത്തനാപുരം, കോന്നി, പത്തനംതിട്ട, റാന്നി, പ്ളാച്ചേരി, മണിമല, പൊൻകുന്നം നഗരങ്ങളുടെ വികസനം സാദ്ധ്യമാകും

ടെണ്ടർ (പുനലൂർ മുതൽ പൊൻകുന്നം വരെ)

ആകെ റീച്ച്: 03

അടങ്കൽത്തുക: 737. 64 കോടി

കോന്നി മുതൽ പ്ലാച്ചേരിവരെ: 30.16 കിലോമീറ്റർ

അനുവദിച്ചത്: 279 കോടി

പുനലൂർ മുതൽ കോന്നി വരെ: 29.84 കിലോമീറ്റർ

അനുവദിച്ചത്: 221 കോടി

പൊൻകുന്നം മുതൽ പ്ളാച്ചേരി വരെ: 22.11 കിലോമീറ്റർ

അനുവദിച്ചത്: 237.64 കോടി

''

സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി പൊൻകുന്നം മുതൽ പ്ളാച്ചേരി വരെയുള്ള റീച്ചിന്റെ ഉദ്ഘാടനം ഉടൻ നടത്തും. 95 ശതമാനം പണികളും പൂർത്തിയായി.

കെ.എസ്.ടി.പി അധികൃതർ

Advertisement
Advertisement