പൊതുശ്മശാന ഭൂമിയിലെ ചന്ദന മരങ്ങൾ കാണാനില്ല; നിഷേധിച്ച് പഞ്ചായത്ത് അധികൃതർ

Monday 12 July 2021 12:00 AM IST

വാഴയൂർ: വാഴയൂർ പഞ്ചായത്ത് ആസ്തി രജിസ്ടറിൽ ഉൾപ്പെട്ട പതിനഞ്ചോളം ചന്ദന മരങ്ങൾ കാൺമാനില്ലെന്ന പരാതിയുമായി വാഴയൂർ നാട്ടൊരുമാ പൗരവകാശ സമിതി. മുണ്ടക്കാശ്ശേരിയിലെ പഞ്ചായത്ത് ആസ്തിയിൽ ഉൾപ്പെട്ട ഒരു ഏക്കറോളം വരുന്ന പൊതുശ്മശാന ഭൂമിയിൽ നിന്നാണ് 15 ചന്ദന മരങ്ങളടക്കം കാണാതായതായി പരാതിപെട്ടത്. 1981 ലാണ് സ്വകാര്യ വ്യക്തി ഒരു ഏക്കർ ഭൂമി സൗജന്യമായി വിട്ടു നൽകിയത്. 2005ൽ ആസ്തി രജിസ്റ്റർ ഉണ്ടാക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ 15 ചന്ദനമരങ്ങളും ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ആ ചന്ദനമരങ്ങൾ ഉൾപ്പെടെ ആസ്തിയിൽ ഉൾപ്പെടുത്താത്ത മറ്റു മരങ്ങളും മുറിച്ച് മാറ്റിയ സ്തിഥിയിലാണ് ഇന്ന് ശ്മാശനഭൂമിയുള്ളത്.

പൊതുഭൂമിയുടെ സംരക്ഷണ കാര്യത്തിൽ കഴിഞ്ഞ ഭരണ സമിതിയുടെയും നിലവിലെ ഭരണ സമിതിയുടെയും ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചകൾ സംഭവിച്ചെന്ന് നാട്ടൊരുമാ പൗരവകാശ സമിതി ഭാരവാഹി വാഴയൂർ പണ്ടാറംതൊടി സ്വദേശി അബ്ദുൽ അസീസ് പറയുന്നു.
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പൊതുശ്മശാന ഭൂമിയുടെ സമീപത്തായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു റോഡ് ആസ്തിയിൽ നിന്ന് വെട്ടിമാറ്റുകയും പൊതുഭൂമിയുടെ അമ്പത് മീറ്റർ അകലെ മാത്രമെ ഖനനങ്ങൾ പാടുള്ളൂ എന്ന നിയമ നിലനിൽക്കെ ഈ പൊതുശ്മശാന ഭൂമിയുടെ സമീപത്ത് ഈ നിയമം മറികടന്ന് ഒരു വൻകിട ക്രഷർ കൈയേറി ഖനനം നടത്തുകയും ചെയ്തിരുന്നു.


''2005 ൽ ആസ്തിയിൽ ഉൾപ്പെട്ട 15 ചന്ദനമരങ്ങൾ അടക്കം 25ഓളം ചന്ദനമരങ്ങൾ ഇന്ന് ഈ ശ്മശാനഭൂമിയിലുണ്ട്. ആസ്തിയിൽ ഉൾപ്പെടുത്താത്ത കുറച്ച് അക്വേഷ്യ മരം മുറിക്കപ്പെട്ടതായി കാണപ്പെടുന്നുണ്ട്. അത് അന്വേഷണം നടത്തും.''

ടി.പി വാസുദേവൻ മാസ്റ്റർ
പ്രസിഡന്റ് വാഴയൂർ ഗ്രാമപ്പഞ്ചായത്ത്

Advertisement
Advertisement