മഴ ശക്തമാകും, ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു

Sunday 11 July 2021 11:38 PM IST

തിരുവനന്തപുരം: മൺസൂൺ ബ്രേക്കിനെ (കാലവർഷം തുടങ്ങിയിട്ട് പെട്ടെന്ന് മഴയില്ലാത്ത അവസ്ഥ) തുടർന്ന് മൂന്ന് ആഴ്ചയിലേറെയായി മന്ദഗതിയിലായിരുന്ന കാലവർഷം തിരിച്ചെത്തി. തെക്ക് പടിഞ്ഞാറൻ കാലവർഷ കാറ്റിന്റെ ശക്തി വർദ്ധിച്ചതും അനുകൂലമായി. ഇന്നലെ മദ്ധ്യ പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ ആന്ധ്ര, ഒഡീഷ തീരത്തോട് ചേർന്ന് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് ശക്തിപ്പെട്ട് മഴ സജീവമാവും. ഇന്നോ നാളെയോ ഇത് തീവ്രമാകാനും സാദ്ധ്യതയുണ്ട്. ഈ മാസം ബംഗാൾ ഉൾക്കടലിൽ മൂന്ന് ന്യൂനമർദ്ദങ്ങളെങ്കിലും രൂപപ്പെടുമെന്നും സൂചനയുണ്ട്. രണ്ട് ദിവസമായി സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും കാര്യമായ മഴ ലഭിച്ചു. വരും ദിവസങ്ങളിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വിദഗ്‌ദ്ധർ പറയുന്നത്.

ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചു. വിഴിഞ്ഞം മുതൽ കാസർകോട് വരെയുള്ള തീരങ്ങളിൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Advertisement
Advertisement