കോഴിയിറച്ചിക്ക് കൊള്ളവില

Monday 12 July 2021 12:20 AM IST

 ഒന്നരയാഴ്ചയ്ക്കിടയിൽ 45 രൂപ വർദ്ധിച്ചു

കൊല്ലം: ബ്രോയിലർ ചിക്കൻ മാഫിയ വില കുത്തനെ ഉയർത്തി ജനങ്ങളെ കൊള്ളയടിക്കുന്നു. കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കിടയിൽ 45 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്. ഒന്നരമാസം മുമ്പ് 65രൂപയിലേക്ക് ഇടിഞ്ഞ വില ഒന്നരയാഴ്ച മുമ്പ് 95 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസമായി 140 രൂപയ്ക്കാണ് വില്പന. അതേസമയം കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള കേരള ചിക്കൻ സ്റ്റാളുകളിൽ വില കിലോയ്ക്ക് 129 രൂപയാണ്.

കോഴിത്തീറ്റ വിലയിൽ കഴിഞ്ഞ ഒന്നരമാസത്തിനിടയിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ അതിനെക്കാൾ വലിയ വർദ്ധനവാണ് കോഴിയിറച്ചിക്ക്. തമിഴ്നാട്ടിലെ നാമയ്ക്കൽ മേഖലയിൽ നിന്നാണ് വളർച്ചയെത്തിയ ബ്രോയിലർ ചിക്കൻ കേരളത്തിലേക്ക് എത്തുന്നത്. കേരളത്തിൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യ ലഭ്യതയിൽ കുറവ് വന്നിട്ടുണ്ട്. ഈ സാഹചര്യം മുതലെടുത്താണ് തമിഴ്നാട് ലോബി വില കുത്തനെ ഉയർത്തുന്നത്.

കേരള ചിക്കന് വില കുറവ്

ജില്ലയിൽ കുടുംബശ്രീയുടെ കേരളചിക്കന് നാല് ഔട്ട്ലെറ്റുകളാണുള്ളത്. ഈ ഔട്ട്ലെറ്റുകളോട് ചേർന്നുള്ള സ്വകാര്യ ബ്രോയിലർ ചിക്കൻ സ്റ്റാളുകളിൽ ഒരു കിലോ 120 രൂപയ്ക്ക് വരെ വിൽക്കുന്നുണ്ട്. നിലവിലെ കോഴിത്തീറ്റ വിലയും മറ്റ് ചെലവുകളും കണക്കിലെടുക്കുമ്പോൾ 110 രൂപയ്ക്ക് വിറ്റാലും മോശമല്ലാത്ത ലാഭം ലഭിക്കും. വിപണി നിലവാരം അനുസരിച്ചാണ് ഇപ്പോൾ വില 129 ആയി ഉയർത്തിയിരിക്കുന്നത്. കേരളചിക്കൻ പദ്ധതിയിൽ ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞിനെ 35 രൂപയ്ക്ക് കെപ്കോയിൽ നിന്ന് വാങ്ങിയാണ് കുടുംബശ്രീ പ്രവർത്തകർക്ക് വളർത്താൻ നൽകുന്നത്. എന്നാൽ തമിഴ്നാട്ടിൽ ഒരു ദിവസം പ്രായമുള്ള കോഴിക്കുഞ്ഞിന് 10 മുതൽ 20 രൂപ വരെ മാത്രമാണ് വില.

''

ബ്രോയിലർ ചിക്കന് കളക്ടർ നിശ്ചയിച്ചിട്ടുള്ള ന്യായവില കിലോയ്ക്ക് 110 രൂപയാണ്. ന്യായവില മറികടന്ന് കൊള്ളലാഭം കൊയ്യുന്നതിനെതിരെ കർശന നടപടി സ്വീകരിക്കണം.

അഡ്വ. സുഗതൻ ചിറ്റുമല, പ്രസിഡന്റ്

കേരള ജനകീയ ഉപഭോക്തൃ സമിതി

Advertisement
Advertisement