'സാധാരണക്കാർക്കൊപ്പം ജീവിച്ച വ്യക്തി'; കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ

Monday 12 July 2021 8:58 AM IST

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രമുഖർ. 'സാധാരണക്കാർക്കൊപ്പം ജീവിച്ച വ്യക്തി'യായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രിയെത്തിയേക്കും.

മതാതീത വ്യക്തിത്വമായിരുന്നു ബാവയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരിച്ചു.സമുദായ സാഹോദര്യം പുലർത്തിയ വ്യക്തിയെന്ന് മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.ആശ്രുപൂജകൾ എന്നാണ് പി സി ജോർജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

ഓർത്തഡോക്സ് സഭാ വിശ്വാസികളെ മുന്നോട്ടു നയിക്കുന്നതിൽ പരമാദ്ധ്യക്ഷനെന്ന നിലയിൽ പ്രശംസാർഹമായ നേതൃത്വമാണ് തിരുമേനി നൽകിയിട്ടുള്ളത്. ആത്മീയജീവിതത്തിൻ്റെ മാതൃകയായി നിലകൊള്ളാൻ അദ്ദേഹത്തിനു സാധിച്ചുവെന്ന് രമേശ് ചെന്നിത്തല അനുശോചിച്ചു.

സാധാരണക്കാരുടെ ജീവിതത്തെ അടുത്തറിയുകയും, അശരണരുടെ കണ്ണീരൊപ്പുകയും ചെയ്ത ബാവയുടെ നിര്യാണം കേരളത്തിന് വലിയ നഷ്ടമാണ് എന്ന് സ്പീക്കർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ബാവയുടെ വേർപാടിലൂടെ വിശ്വാസത്തിനും വിശ്വാസികൾക്കും വേണ്ടി നിലകൊണ്ട ആത്മീയ ആചാര്യനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കെ പി സി സി അദ്ധ്യക്ഷൻ അനുസ്മരിച്ചു.സഹജീവി സ്‌നേഹത്തിലധിഷ്ഠിതമായ ആധ്യാത്മിക ശുശ്രൂഷയായിരുന്നു
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്താമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ മുഖമുദ്രയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുശോചിച്ചു.

സാമൂഹ്യ നന്മ ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച ഇടയ ശ്രേഷ്ഠനെയാണ് നഷ്ടമായിരിക്കുന്നത്. സമൂഹത്തിലെ ദരിദ്രരോടും നിരാലംബരോടും രോഗികളോടുമുള്ള കരുതല്‍ കാത്തുസൂക്ഷിച്ച സഭാ മേലദ്ധ്യക്ഷനായിരുന്നു അദ്ദേഹം. ലാളിത്യം മുഖമുദ്രയാക്കിയ തിരുമേനി ആത്മീയ ജീവിതത്തിന്റെ ഒരു പാഠപുസ്തമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സഭയുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി വനം മന്ത്രി എ കെ ശശീന്ദ്രൻ അനുശോചിച്ചു.


പുലർച്ചെ 2.30ന് പരുമല ആശുപത്രിയിൽ വച്ചായിരുന്നു പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ അന്ത്യം.അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം വൈകിട്ട് ആറ് മണിവരെ പരുമല സെമിനാരിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോകത്തേക്ക് കൊണ്ടുപോകും.സംസ്‌കാരം നാളെ വൈകിട്ട് ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നടക്കും.