ചേവായൂരിൽ ഇൻഡോർ സ്റ്റേഡിയം ഉടൻ

Tuesday 13 July 2021 12:02 AM IST
ചേ​വാ​യൂ​രി​ലെ​ ​നി​ർ​ദ്ദി​ഷ്ട​ ​ഇ​ൻ​ഡോ​ർ​ ​സ്റ്റേ​ഡി​യ​ത്തി​നു​ള്ള​ ​സ്ഥ​ലം​ ​കാ​യി​ക​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​അ​ബ്ദു​റ​ഹ്‌​മാ​ൻ​ ​സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ.​ ​എ.​ ​പ്ര​ദീ​പ് ​കു​മാ​ർ,​ ​ഒ.​രാ​ജ​ഗോ​പാ​ൽ,​ ​തോ​ട്ട​ത്തി​ൽ​ ​ര​വീ​ന്ദ്ര​ൻ,​ ​മേ​ഴ്‌​സി​ ​കു​ട്ട​ൻ​ ​എ​ന്നി​വ​ർ​ ​സ​മീ​പം.

കോഴിക്കോട്: ചേവായൂരിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഉറപ്പ്. കായികതാരങ്ങളും കായികപ്രേമികളും ഏറെക്കാലമായി കാത്തിരിക്കുന്നതാണിത്.

നിർദ്ദിഷ്ട സ്റ്റേഡിയത്തിനുള്ള സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ ത്വക്ക് രോഗാശുപത്രിയുടെ ഭൂമിയിൽ നിന്ന് വിട്ടു നൽകിയ അഞ്ച് ഏക്കർ ഭൂമിയിലാണ് ഇൻഡോർ സ്റ്റേഡിയം ഉയരുക. ആശുപത്രിയുടെ വികസന സാദ്ധ്യതകൾക്കു മുടക്കം വരാത്ത രീതിയിലായിരിക്കും നിർമ്മാണം.

പ്രവൃത്തി പൂർത്തീകരിക്കുന്നതോടെ രാജ്യത്തെ മികച്ച ഇൻഡോർ സ്റ്റേഡിയങ്ങളിലൊന്നായി ചേവായൂരിലേതു മാറും. കിഫ്ബിയിൽ ഉൾപ്പെടുത്തി പദ്ധതി തുടങ്ങാനാണ് തീരുമാനം. മുമ്പ് പദ്ധതി രൂപരേഖ തയ്യാറാക്കിയിരുന്നു. ഇത് പരിശോധിച്ച് വിശദമായ ഡി.പി.ആർ തയ്യാറാക്കാൻ കിറ്റ്‌കോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്റ്റേഡിയം നിർമ്മിക്കുന്നതിനായി ആശുപത്രിയുടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കേണ്ടി വരുന്നതിന് പകരം പുതിയ കെട്ടിടം നിർമ്മിച്ചു നൽകും. ഇവയുടെ നിർമ്മാണത്തിന് ശേഷം മാത്രമേ നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയുള്ളു.

തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മുൻ എം.എൽ.എ എ. പ്രദീപ് കുമാർ, കോർപ്പറേഷൻ കൗൺസിലർ ഡോ.പി.എൻ.അജിത, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ തുടങ്ങിയവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement