പരിമിതികളിൽ വീർപ്പുമുട്ടി ഹോർട്ടി കോർപ്പ്

Tuesday 13 July 2021 12:00 AM IST

കടമ്പനാട് : നൂറ് കണക്കിന് കർഷകർക്ക് പ്രയോജനമാകേണ്ട പഴകുളത്തുള്ള ഹോർട്ടി കോർപ്പിന്റെ ജില്ലാ സംഭരണ കേന്ദ്രം പരിമിതികളിൽ വീർപ്പുമുട്ടുന്നു. കർഷകരുടെ വിളകൾക്ക് ന്യായവില ലഭ്യമാക്കി സംഭരിച്ച് ഹോർട്ടി കോർപ്പിന്റെ തന്നെ റീട്ടെയിൽ ഷോപ്പ് വഴി മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. സംഭരണ കേന്ദ്രം ജില്ലയുടെ അതിർത്തി പ്രദേശത്തായതിനാൽ മറ്റുപ്രദേശങ്ങളിലെ കർഷകർക്ക് ഹോർട്ടി കോർപ്പിൽ സാധനങ്ങൾ എത്തിക്കാൻ സാധിക്കുന്നില്ല. സംഭരണ കേന്ദ്രത്തിൽ എത്തുന്ന സാധനങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് ലഭ്യമാകാൻ ആകെയുള്ളത് 5 റീട്ടെയിൽ ഷോപ്പുകൾ മാത്രമാണ്. ഇതിൽ ഒരെണ്ണം പഴകുളത്ത് പ്രവർത്തിക്കുന്നു. കോഴഞ്ചേരി, കൊടുമൺ , അമ്പലകടവ്, ആറൻമുള എന്നിവിടങ്ങളിലാണ് മറ്റു ഷോപ്പുകൾ. ഇവിടങ്ങളിൽ നിന്ന് പരിമിതമായ ആളുകൾക്കേ സാധനം വാങ്ങാൻ കഴിയുന്നുള്ളു. കൃത്യമായി സാധനം എത്തിക്കാൻ മതിയായ വാഹന സൗകര്യവുമില്ല. ജില്ലയിലെ മുഴുവൻ കർഷകർക്കും പ്രയോജനമാകേണ്ട സ്ഥാപനം പ്രാദേശികമായി അതിന്റെ പ്രവർത്തനം പരിമിതപെടുത്തുകയാണ്. റീട്ടെയിൽ ഷോപ്പു വഴി കർഷകരുടെ സാധനങ്ങൾ സ്വീകരിക്കില്ല. എന്നാൽ നിരന്തരമുള്ള കർഷകരുടെ അഭ്യർത്ഥന മാനിച്ച് ജില്ലാ കേന്ദ്രങ്ങളിൽ നിന്ന് വാഹനം റീട്ടെയിൽ ഷോപ്പുകളിലേക്ക് പുറപ്പെടുന്ന ദിവസങ്ങളിൽ വിളകൾ കളക്ട് ചെയ്യുന്നുണ്ട്. വാടക കെട്ടിടത്തിലാണ് ജില്ലാ സംഭരണ കേന്ദ്രം പ്രവർത്തിക്കുന്നത്. 15000 രൂപയോളം വാടകയാണ്. മതിയായ യാതൊരു സൗകര്യവുമില്ല. കർഷകരിൽ നിന്ന് സ്വീകരിക്കുന്ന കാർഷിക ഉത്പന്നങ്ങൾ സംഭരിച്ച് വയ്ക്കാനുള്ള സൗകര്യമില്ല. പള്ളിക്കൽ പഞ്ചായത്തിൽ നിന്നുള്ള കർഷകർ മാത്രമാണ് പ്രധാനമായും കാർഷിക വിളകൾ ഇവിടെ നൽകുന്നത്.

അടിസ്ഥാനമായി വേണ്ടത്

1. സൗകര്യങ്ങളുള്ള സ്വന്തം കെട്ടിടം

2. കൂടുതൽ റീട്ടെയിൽ ഷോപ്പുകൾ

3. വാഹന സൗകര്യം

4. റീട്ടെയിൽ ഷോപ്പുകളിലും കാർഷിക

വിളകളുടെ ശേഖരണം

Advertisement
Advertisement