നൃത്തമോഹം സഫലമായി, വീ‌ട് വെറും സ്വപ്നമായി

Monday 12 July 2021 11:13 PM IST

കാസർകോട്: നൃത്തത്തെ പ്രണയിച്ച മകൾക്കുവേണ്ടി കണ്ടക്ടർ ദമ്പതികൾ ജീവിതം ഉഴിഞ്ഞുവച്ചപ്പോൾ, ജീവിതത്തിൽ ചോർന്നു പോയത് വീടെന്ന സ്വപ്നം.

സംസ്ഥാന സ്കൂൾ കലോൽസവങ്ങളിൽ നേടിയ നൃത്തമെഡലുകൾ കൈമോശം വരാതെ സൂക്ഷിക്കാൻപോലും കഴിയാത്ത കൂരയ്ക്ക് കീഴിൽ അന്തിയുറങ്ങുകയാണ് കയ്യൂർ മുഴക്കോത്തെ ഉണ്ണിക്കൃഷ്ണന്റെയും ബിന്ദുവിന്റെയും മകൾ പാർവതി കൃഷ്ണ. തുടർച്ചയായി മൂന്നുവർഷം ഭരതനാട്യം,കുച്ചുപ്പുടി,നാടോടിനൃത്തം എന്നിവയിൽ എ ഗ്രേഡ് കരസ്ഥമാക്കിയാണ് കയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇപ്പോൾ പത്തിൽ പഠിക്കുന്ന പാർവതി കൃഷ്ണ സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങിയത്.

സ്വകാര്യ ബസിൽ നിന്നുള്ള ഉണ്ണിക്കൃഷ്ണന്റെ വരുമാനം മകളുടെ കലാപഠനത്തിന് തികയാതെ വന്നപ്പോൾ അമ്മ ബിന്ദുവും ബസ് കണ്ടക്ടറായി വേഷമണിയുകയായിരുന്നു. കടം വാങ്ങി ചെലവഴിച്ചും മകളെ നൃത്തലോകത്ത് ഉറപ്പിച്ചു നിറുത്തി.

കണ്ണൂർ, കാസർകോട് ജില്ലകളിലെ പല ബസുകളിലും ജോലി ചെയ്താണ് ബിന്ദുവും ഉണ്ണിക്കൃഷ്ണനും കുടുംബം പോറ്റിയത്. 2020 മാർച്ചിൽ ലോക്ക് ഡൗൺ വന്നശേഷം ഇരുവർക്കും പണിയില്ല.ഉണ്ണിക്കൃഷ്ണൻ ക്വാറിയിൽ പണിയെടുക്കാൻ പോയെങ്കിലും ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല.

ബിന്ദുവിന്റെ അമ്മ യശോദയുടെ പഴയ വീട്ടിലാണ് താമസം. മേൽക്കൂര തകർന്ന് ടാർപ്പാളിൻ കൊണ്ടുമറച്ച ഈ വീട്ടിലിരുന്ന് സ്വന്തമായുള്ള വീട് സ്വപ്നം കാണാനേ കഴിയൂ.

ഒരു മകൻ കൂടി ഈ ദമ്പതികൾക്കുണ്ട്. തിരുവനന്തപുരം പൊലീസ് അക്കാഡമിയിൽ സൈബർ പി .ജി ഡിപ്ലോമ ചെയ്യുന്ന അതുൽ കൃഷ്ണ.

എന്നുവരും ലൈഫ്

സർക്കാരിന്റെ ലൈഫ് പദ്ധതിയിലേക്ക് വീടിനു വേണ്ടി അപേക്ഷ നൽകാൻ സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല. അതിനുവേണ്ടി ബിന്ദുവിന്റെ പേരിൽ അമ്മ അഞ്ചു സെന്റ്

എഴുതിനൽകി.കഴിഞ്ഞ വർഷം അപേക്ഷ നൽകി. വി. ഇ.ഒ പരിശോധനയ്ക്ക് എത്തിയപ്പോൾ റേഷൻ കാർഡില്ലാത്തത് തടസമായി. റേഷൻ കാർഡ് സംഘടിപ്പിച്ച് കാത്തിരിക്കുകയാണ് കൊച്ചുനർത്തകിയുടെ കുടുംബം, വീട് കിട്ടുമെന്ന പ്രതീക്ഷയിൽ.

മകളുടെ കലാപഠനത്തിനും മോന്റെ പഠനത്തിനും വേണ്ടി ചെലവ് ചെയ്ത് വലിയ തുക കടമായി. അടച്ചുറപ്പുള്ള വീടെന്നത് വളരെക്കാലമായുള്ള സ്വപ്നമാണ്. സർക്കാരും പഞ്ചായത്തും കരുണ കാണിക്കണം.

ബിന്ദു മുഴക്കോം

( പാർവ്വതിയുടെ 'അമ്മ )

Advertisement
Advertisement