അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ, ബസ് പുറപ്പെടുമോ ?

Tuesday 13 July 2021 12:29 AM IST

അടൂർ : നിറുത്തിയ സർവീസുകൾ പുന:രാരംഭിക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, അവശേഷിക്കുന്ന സൂപ്പർ ഫാസ്റ്റ് ബസുകളും മറ്റു ഡിപ്പോകളിലേക്ക് കടത്തിക്കൊണ്ട് പോവുകയാണ്. അടൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ മെലിയുകയാണ്. ഏറ്റവും ഒടുവിൽ ചെങ്ങന്നൂർ ഡിപ്പോയ്ക്കും കൊടുത്തു രണ്ട് സൂപ്പർ ഫാസ്റ്റ് ബസുകൾ. ചെങ്ങന്നൂർ - പൈതൽമല സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിക്കാനായിരുന്നു ഇത്. ലോക്ക് ഡൗണിനെ തുടർന്ന് പല ഡിപ്പോകളും നിറുത്തിയ സൂപ്പർ ഫാസ്റ്റ് സർവീസുകൾ പുനരാരംഭിച്ചിട്ടും അടൂർ ഡിപ്പോയിൽ നിന്ന് സർവീസുകൾ തുടങ്ങാത്തത് ആക്ഷേപങ്ങൾക്ക് ഇടയാക്കിയിരുന്നു. ഉദയഗിരി, സുൽത്താൻബത്തേരി എന്നീ രണ്ട് ദീർഘദൂര സർവീസുകൾമാത്രമാണ് തുടങ്ങിയത്. സർവീസുകൾ പുനരാരംഭിക്കുന്നതിന് ചില ഉദ്യോഗസ്ഥർ തടസം നിൽക്കുമ്പോൾ അതിനെ ചോദ്യം ചെയ്യാൻ ജനപ്രതിനിധികളുമില്ലാത്ത അവസ്ഥയാണ്. അടൂർ ഡിപ്പോ ഏറെക്കുറെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. ചെങ്ങന്നൂരിൽ നിന്ന് പൈതൽമല സർവീസ് ആരംഭിക്കുന്നതിന് ആദ്യം ഒരു ബസ് അടൂർ ഡിപ്പോയിൽ നിന്നും മറ്റൊരു ബസ് പാറശാല ഡിപ്പോയിൽ നിന്നുമാണ് അനുവദിച്ചത്. എന്നാൽ ബസ് കടത്തികൊണ്ടുപോകുന്ന വിവരം അറിഞ്ഞ പാറശാലയിലെ എം. എൽ. എയും ഡിപ്പോ അധികൃതരും ശക്തമായ നിലപാട് സ്വീകരിച്ചതോടെ രണ്ട് ബസും അടൂർ ഡിപ്പോയിൽ നിന്ന് കൊണ്ടുപോകുകയായിരുന്നു.

എല്ലാം ശരിയാകുമെന്ന് എം.എൽ.എ

അരഡസനിലധികം ദീർഘദൂര സർവീസുകളാണ് അടൂരിൽ നിന്ന് ആരംഭിക്കാനുള്ളത്. എല്ലാം ഉടൻ ശരിയാകുമെന്നാണ് എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിന്റെ മറുപടി.

ചോദിക്കാനും പറയാനും ആളില്ലാത്ത സ്ഥിതിയാണ്.

സൂരജ് ഗംഗാധരൻ.

അടൂർ

ഡിപ്പോയുടെ നാശം കണ്ടില്ലെന്ന് നടിക്കാൻ ജനങ്ങൾക്കാകില്ല. ഡിപ്പോ സംരക്ഷണത്തിനായി ശക്തമായ പ്രതിഷേധം ഉയരേണ്ട കാലം അതിക്രമിച്ചു.

അജയൻ

(ഓട്ടോറിക്ഷ ഡ്രൈവർ)

Advertisement
Advertisement