പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി; നടപടി സ്വീകരിച്ചതായി സർക്കാർ

Tuesday 13 July 2021 1:21 PM IST

കൊച്ചി: സംസ്ഥാനത്തെ പ്രധാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനശാലകള്‍ സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതി. ഔട്ട്‌ലെ‌റ്റുകളിലെ തിരക്കിനെതിരെ സ്വമേധയ എടുത്ത കേസിലാണ് കോടതി നിരീക്ഷണം. തിരക്ക് കുറയ്ക്കുന്നതിന് നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

മദ്യവില്‍പ്പനശാലകള്‍ക്ക് മുന്നില്‍ വന്‍ ആള്‍ക്കൂട്ടം ഉണ്ടാകുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തെ കൊവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തിലായിട്ടും മദ്യശാലകള്‍ക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കാന്‍ ഒരു നടപടിയുമുണ്ടാകുന്നില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കല്യാണത്തിന് 20 പേരെ മാത്രം അനുവദിക്കുമ്പോള്‍ മദ്യവില്‍പന ശാലകള്‍ക്ക് മുന്നില്‍ അഞ്ഞൂറിലധികം പേര്‍ ക്യൂ നില്‍ക്കുകയാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി വിമര്‍ശനത്തിന് പിന്നാലെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താന്‍ ജീവനക്കാര്‍ക്ക് ബെവ്‌കോ സര്‍ക്കുലര്‍ നല്‍കിയിരുന്നു. ഇതിനു പിന്നാലെ സർക്കാർ ബാറുടമകളുമായി ചര്‍ച്ച നടത്തുകയും വെയര്‍ഹൗസ് നികുതി കുറയ്ക്കുകയും ചെയ്‌തിരുന്നു.