മഹാനിഘണ്ടു  എഡിറ്റർ നിയമന വിവാദം: റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ

Tuesday 13 July 2021 9:08 PM IST

തിരുവനന്തപുരം: മഹാനിഘണ്ടു എഡിറ്റർ നിയമന വിവാദത്തിൽ കേരള യൂണിവേഴ്‌സിറ്റി വിസിയാേട് ഗർണർ റിപ്പോർട്ട് തേടി. ഓർഡിനൻസ് വ്യവസ്ഥ ലംഘിച്ച് എഡിറ്ററെ നിയമിച്ചെന്ന പരാതിയെത്തുടർന്നാണ് വിശദീകരണം തേടിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോഴത്തെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ മോഹനന്റെ ഭാര്യ ഡോ.പൂർണ്ണിമാ മോഹനനെ മഹാനിഘണ്ടു എഡിറ്ററായി നിയമിച്ച സംഭവത്തിലാണ് ഗവർണറുടെ നടപടി.

ലെക്സിക്കൻ എഡിറ്റർ തസ്തികയ്ക്ക് വേണ്ട അടിസ്ഥാന യോഗ്യത മലയാള ഭാഷയിൽ ഒന്നാം ക്ളാസിലോ രണ്ടാം ക്ളാസിലോ നേടിയ ബിരുദമാണെന്നാണ് സർവകലാശാല ഓർഡിനൻസിൽ വ്യക്തമാക്കുന്നത്. എന്നാൽ നിയമനത്തിനുള്ള വിജ്ഞാപനത്തിൽ പിഎച്ച്ഡി മലയാളം അല്ലെങ്കിൽ സംസ്കൃതം എന്നാക്കിയെന്നാണ് സേവ് യൂണിവേഴ്സിറ്റി ആക്ഷൻ കമ്മിറ്റിയുടെ പരാതിയിൽ പറയുന്നത്. ഈ പരാതിയിലാണ് ഗവർണർ വിശദീകരണം തേടിയത്.