അറാക്കാപ്പുകാർക്ക് അവഗണന മാത്രം; സർക്കാർ തിരിഞ്ഞുനോക്കുന്നില്ല, കൊവിഡ് ടെസ്റ്റ് നടന്നില്ല

Wednesday 14 July 2021 12:35 AM IST

കോതമംഗലം: മലക്കപ്പാറ അറാക്കാപ്പ് ആദിവാസി കോളനിയിൽ നിന്നും എത്തി ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ കഴിയുന്ന കുടുംബങ്ങളെ സർക്കാർ അവഗണിക്കുന്നെന്ന് പരാതി. ഇവരെ പുനരധിവാസിപ്പിക്കാനുള്ള ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ല.

ഇവരുമായി ഇടപഴകിയ ഫോറസ്റ്റ് വാച്ചർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ ക്വാറന്റൈനിലാണ് 37 അംഗ സംഘം. ആന്റിജൻ ടെസ്റ്റ് നടത്തുമെന്ന് പ്രഖ്യാപിച്ചതല്ലാതെ ആരോഗ്യവകുപ്പ് അധികൃതരും പിന്നെ ഇതുവഴി വന്നിട്ടില്ല.

ജില്ലാ കളക്ടർ തങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ വരുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഊരുനിവാസികൾ.

സ്വന്തം ഊരു വിട്ടു പോന്നിട്ട് ഒമ്പത് ദിവസമായി. മൂന്നു ദിവസത്തിനകം തങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാമെന്ന് പറഞ്ഞു പോയവരാരും ഈ വഴിക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. നിലവിൽ ആർക്കും തന്നെ ആരോഗ്യപ്രശ്നങ്ങളൊന്നും ഇല്ലെന്നതാണ് ആശ്വാസം. നിവർത്തികേടു കൊണ്ടാണ് സ്വന്തം ഊരു വിട്ട് ഓടി പോരേണ്ടി വന്നത്. ട്രൈബൽ ഹോസ്റ്റലിൽ ഒരുപാട് കാലം ഒന്നും താമസിക്കാൻ സാധിക്കില്ല എന്നറിയാം. എപ്പോൾ വേണമെങ്കിലും ഹോസ്റ്റലിൽ താമസക്കാർ എത്താം. അത് കൊണ്ട് സർക്കാർ ഞങ്ങളുടെ കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാക്കും എന്നാണ് പ്രതീക്ഷയെന്ന് ഇവർ പറയുന്നു.

ടെസ്റ്റി​നുള്ള നടപടിയുണ്ടായിട്ടില്ല

കൊവിഡ് മാനദണ്ഡമനുസരിച്ച് എട്ടാം ദിവസം ടെസ്റ്റ് ചെയ്താലേ രോഗബാധ ഉണ്ടോ ഇല്ലയോ എന്ന് അറിയാൻ സാധിക്കൂവെന്നാണ് മെഡിക്കൽ ഓഫീസർ പറഞ്ഞത്. ഇതുവരെയും ടെസ്റ്റി​നുള്ള ഒരു നടപടിയും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷണ സാമഗ്രികൾ എത്തിക്കുന്നുണ്ട്. പുനരധിവാസ കാര്യം മേലുദ്യോഗസ്ഥരാണ് തീരുമാനി​ക്കേണ്ടത്. മുകളിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സന്തോഷ്‌,പട്ടി​കവർഗ വി​കസന ഓഫീസർ,ചാലക്കുടി

Advertisement
Advertisement