മോദിയെ കണ്ട് പിണറായി, കേരള വികസനത്തിന് പൂർണ പിന്തുണ

Wednesday 14 July 2021 12:48 AM IST

ന്യൂഡൽഹി: ഉൾനാടൻ ജലഗതാഗതം, കാസർകോട് -തിരുവനന്തപുരം സിൽവർ ലൈൻ ഉൾപ്പെടെ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പിന്തുണയും ഉറപ്പു നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാർത്താസമ്മേളനത്തിൽ പറഞ്ഞു. വികസന കാര്യത്തിൽ ഏകതാ മനോഭാവത്തോടെ മുന്നോട്ടു പോകുമെന്നും ഉറപ്പുകിട്ടി.

ഉൾനാടൻ ജലഗതാഗത പദ്ധതി കേന്ദ്ര സർക്കാർ സഹായത്തോടെ അതിവേഗം പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം മൂലമാണ് കൊവിഡ് കുറയാത്തതെന്നും കൂടുതൽ പരിശോധന, ക്വാറന്റൈൻ നടപടികൾ തുടങ്ങിയവയിലൂടെ രോഗവ്യാപനം നിയന്ത്രിക്കുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്തിന് 60 ലക്ഷം ഡോസ് വാക്സിൻ ഉടൻ നൽകണമെന്നും രണ്ടാം ഡോസിനായി ഈ മാസം മാത്രം 25 ലക്ഷം ഡോസ് വേണമെന്നും ആവശ്യപ്പെട്ടു. എയിംസ് അനുവദിക്കുന്ന കാര്യം മുൻഗണനാ ക്രമത്തിൽ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി പ്രത്യേകിച്ച് ഉറപ്പൊന്നും നൽകിയില്ല. ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി പൂർത്തിയാക്കിയതിനും രണ്ടാംവട്ടം അധികാരത്തിലേറിയതിനും പ്രധാനമന്ത്രി അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.


ലൈറ്റ് മെട്രോ പരിഗണിക്കും

തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതികൾക്ക് അംഗീകാരം നൽകുന്നത് പരിഗണിക്കുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഉറപ്പു നൽകി. കൊച്ചി മെട്രോ കാക്കനാട് വരെ നീട്ടുന്നതിനുള്ള അനുമതിയും തേടി. കാസർകോട്-തിരുവനന്തപുരം അതിവേഗ പാതയ്ക്കുള്ള അന്തിമ അനുമതി തേടി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെയും കണ്ടു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി.കെ. മിശ്രയെയും മുഖ്യമന്ത്രി സന്ദർശിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയ്, ജോൺ ബ്രിട്ടാസ് എം.പി തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.

കേന്ദ്രത്തിനു മുന്നി​ൽവച്ച

പ്രധാന ആവശ്യങ്ങൾ

 സിറ്റിഗ്യാസ് വിതരണത്തിലെ അപാകത പരിഹരിക്കണം

 ജി.എസ്.ടി നഷ്ട‌പരിഹാര കുടിശ്ശിക അനുവദിക്കണം

 അങ്കമാലി-ശബരി റെയിൽപ്പാത യാഥാർത്ഥ്യമാക്കണം

 ശബരിമല വിമാനത്താവളത്തിന് അംഗീകാരം നൽകണം

 കണ്ണൂർ വിമാനത്താവളത്തിൽ ആസിയാൻ ഓപ്പൺ സർവീസ് പോളിസി പ്രകാരമുള്ള സർവീസുകൾ

 കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള തടസം നീക്കണം

 കൊച്ചി പെട്രോ കെമിക്കൽ കോംപ്ളക്സ് ഉടൻ പ്രവർത്തനക്ഷമമാക്കണം

Advertisement
Advertisement