പാസഞ്ചർ ട്രെയിനിൽ യുവതിയെ ആക്രമിച്ച കേസ്: കുറ്റപത്രം നൽകി

Wednesday 14 July 2021 4:36 AM IST

കൊച്ചി: ഗുരുവായൂർ - പുനലൂർ പാസഞ്ചർ ട്രെയിനിൽ മുളന്തുരുത്തിയിൽ വച്ച് യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ തട്ടിയെടുത്ത കേസിൽ റെയിൽവേ പൊലീസ് എറണാകുളം സി.ജെ.എം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി ബാബുക്കുട്ടനാണ് ഒന്നാം പ്രതി. ഇയാൾ കവർന്ന ആഭരണങ്ങൾ വിറ്റു തുക പങ്കിട്ടെടുത്ത വർക്കല അയിരൂർ കനാൽ പുറമ്പോക്കിൽ മുത്തു, ശ്രീനിലയത്തിൽ അച്ചു, വർക്കല മുത്താന സ്വദേശി പ്രദീപ് എന്നിവരാണ് മറ്റു പ്രതികൾ. കൊലപാതകശ്രമം, കവർച്ച, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരിയായ മുളന്തുരുത്തി കാരിക്കോട് കാർത്യായിനി ഭവനിൽ രാഹുലിന്റെ ഭാര്യ ആശയ്ക്ക് (32) ഏപ്രിൽ 28 നാണ് ആക്രമണം നേരിടേണ്ടി വന്നത്. രാവിലെ ചെങ്ങന്നൂരിലെ ഒാഫീസിലേക്ക് പോകാൻ ട്രെയിനിൽ കയറിയ ആശയെ പ്രതി ആക്രമിച്ചു ആഭരണങ്ങൾ തട്ടിയെടുത്തെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഗുരുവായൂരിൽ നിന്ന് ഡി പത്ത് ബോഗിയിൽ കയറിയ ബാബുക്കുട്ടൻ പിന്നീട് മുളന്തുരുത്തിയിൽ വച്ച് ആശ ഡി ഒമ്പത് ബോഗിയിൽ കയറുന്നത് കണ്ടു. ഇൗ ബോഗിയിൽ മറ്റാരുമില്ലെന്നു ഉറപ്പാക്കി ഇവിടേക്ക് എത്തി ആശയെ ആക്രമിച്ച് ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. പ്രതിയിൽ നിന്ന് രക്ഷപ്പെടാൻ ആശ ഒലിപ്പുറം ലെവൽക്രോസിനു സമീപത്തു വച്ച് ട്രെയിനിൽ നിന്ന് ചാടി. ആശയ്ക്ക് തലയ്ക്കും കഴുത്തിനും പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ ബാബുക്കുട്ടനെ പത്തനംതിട്ട ചിറ്റാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കൂട്ടുപ്രതികളായ മുത്തുവും അച്ചുവും ചേർന്ന് ആഭരണങ്ങൾ ചെങ്ങന്നൂരിൽ വച്ച് കൈക്കലാക്കി. പിന്നീട് ഇതു വിറ്റു കിട്ടിയ 60,000 രൂപ സുരേഷിന് കൈമാറി. സുരേഷാണ് തുക വീതിച്ചു നൽകിയത്. 90 സാക്ഷികളുടെ പട്ടികയും നൽകിയിട്ടുണ്ട്.