വാതിൽപ്പടി സേവനം സംസ്ഥാനം മുഴുവൻ ലഭ്യമാക്കും: മന്ത്രി

Wednesday 14 July 2021 4:38 AM IST

തിരുവനന്തപുരം:കെ.എസ്.ഇ.ബിയുടെ വാതിൽപ്പടി സേവന പദ്ധതി രണ്ടാഴ്ചക്കുള്ളിൽ സംസ്ഥാനവ്യാപകമാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.

മങ്കട 110 കെ.വി സബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

22.5 മെഗാവാട്ട് ശേഷിയുള്ള ഈ സബ്സ്റ്റേഷൻ പൂർണശേഷി കൈവരിക്കുന്നതോടെ മങ്കട, അങ്ങാടിപ്പുറം, കൂട്ടിലങ്ങാടി, ആനക്കയം, കീഴാറ്റൂർ പഞ്ചായത്തുകളിലെ 60000ത്തോളം ഉപഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും. കൂടാതെ 33 കെ.വി മക്കരപറമ്പ, 220 കെ.വി മാലാപറമ്പ, 110 കെ.വി മലപ്പുറം, 110 കെ.വി പെരിന്തൽമണ്ണ സബ്സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡറുകളിലെ ലോഡ് കുറയുന്നതു വഴി അവയുടെ നിലവാരം മെച്ചപ്പെടും.

ചടങ്ങിൽ മഞ്ഞളാംകുഴി അലി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. അബ്ദുസമദ് സമദാനി എം. പി മുഖ്യാതിഥിയായിരുന്നു.