മഹാനിഘണ്ടു എഡിറ്റർ: അഭിമുഖം നടത്തിയത് ഓർഡിനൻസ് തിരുത്തിയ രജിസ്ട്രാർ

Wednesday 14 July 2021 4:42 AM IST

തിരുവനന്തപുരം: കേരള സർവകലാശാലാ ഓർഡിനൻസ് രഹസ്യമായി തിരുത്തി വിജ്ഞാപനമിറക്കിയ രജിസ്ട്രാർ തന്നെ, സംസ്കൃത അദ്ധ്യാപികയെ മലയാളം മഹാനിഘണ്ടു എഡിറ്ററാക്കാനുള്ള അഭിമുഖവും നടത്തി.

. ഗവർണർക്ക് മാത്രം അധികാരമുള്ള ഓർഡിനൻസ് ഭേദഗതി സൂത്രത്തിൽ നടപ്പിലാക്കിയാണ് സംസ്കൃതം അദ്ധ്യാപിക ഡോ. പൂർണിമാമോഹന് അപേക്ഷിക്കാൻ അവസരമൊരുക്കിയത്. പിന്നാലെ, വിഷയവിദഗ്ദ്ധനായി ഇന്റർവ്യൂ ബോർഡിൽ കയറി നിയമന ശുപാർശയും നൽകി. ഇതിനുപിന്നിലെ ക്രിമിനൽ ഗൂഢാലോചന പൊലീസ് അന്വേഷിക്കണമെന്ന് ഡി.ജി.പി അനിൽകാന്തിന് പരാതി ലഭിച്ചു.

മലയാളത്തിൽ ബിരുദാനന്തര ബിരുദമെന്ന യോഗ്യതയൊഴിവാക്കി സംസ്കൃതത്തിലോ മലയാളത്തിലോ ഗവേഷണബിരുദമെന്ന് ഓർഡിനൻസ് തിരുത്തി ജനുവരി 28ന് നിയമന വിജ്ഞാപനമിറക്കിയത് രജിസ്ട്രാർ ഡോ.സി.ആർ.പ്രസാദായിരുന്നു. തൊട്ടുപിന്നാലെ മലയാളം വിഭാഗത്തിൽ പ്രൊഫസറായിപ്പോയ പ്രസാദ്, പൂർണിമയെ അഭിമുഖം നടത്താനുള്ള സമിതിയിൽ ഉൾപ്പെട്ടു. കേരളത്തിലെ സർവകലാശാലകളിലെ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർമാരിൽ നിന്ന് ഡെപ്യൂട്ടേഷനിൽ മഹാനിഘണ്ടു എഡിറ്ററെ നിയമിക്കാനാണ് സിൻഡിക്കേറ്റിന്റെ അനുമതി തേടിയിരുന്നത്. യോഗ്യത തിരുത്തുന്നത് സിൻഡിക്കേറ്രിനെ അറിയിച്ചിരുന്നില്ല. മലയാളത്തിനു പുറമെ സംസ്കൃതം പ്രൊഫസർമാരെ ഉൾപ്പെടുത്തിയും അസോസിയേറ്റ് പ്രൊഫസർമാരെ ഒഴിവാക്കിയുമാണ് നിയമനത്തിന് വിജ്ഞാപനമിറക്കിയത്. വെബ്സൈറ്റിൽ മാത്രം ലിങ്ക് നൽകി.

ഡോ.പൂർണിമയെ നിയമിച്ചെന്ന് അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ ഒറ്റവരിയിൽ അറിയിച്ചു. ഏത് സർവകലാശാലയിൽ നിന്ന് ഡെപ്യൂട്ടേഷനെന്നോ, യോഗ്യത എന്താണെന്നോ അറിയിച്ചില്ല. മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുമായ ആർ.മോഹനന്റെ ഭാര്യ ഡോ.പൂർണിമ മോഹനെയാണ് നിയമിച്ചത്.

തിരുത്തൽ ഗവർണർ

റദ്ദാക്കിയേക്കും

താനറിയാതെ ഓർഡിനൻസ് തിരുത്തി മഹാനിഘണ്ടു എഡിറ്ററെ നിയമിച്ചതിൽ ഗവർണർ വിശദീകരണം തേടിയേക്കും. പ്രഥമദൃഷ്ട്യാ ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ട ഗവർണർ, ഇതുസംബന്ധിച്ച പരാതികളും അനുബന്ധരേഖകളും പരിശോധിച്ചു. സർവകലാശാലാ ചട്ടത്തിൽ ഇല്ലാത്ത നിയമപ്രകാരമാണ് മഹാനിഘണ്ടു എഡിറ്ററുടെ നിയമനം. ഗവർണർക്ക് സ്വമേധയാ ഇത് റദ്ദാക്കാനാവും.

Advertisement
Advertisement