പണവും ഭൂമിയും നൽകി സിബിഐ, റോ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു, നമ്പി നാരായണനെതിരെ ഹർജി

Wednesday 14 July 2021 6:35 PM IST

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് നമ്പി നാരായണൻ പണവും ഭൂമിയും നൽകി സി.ബി.ഐ , ഐ.ബി ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന് ഹർജി. ഗൂഢാലോചനക്കേസിൽ പ്രതി എസ്. വിജയനാണ് നമ്പി നാരായണനെതിരെ തിരിുവനന്തപുരം സി.ജെ.എം കോടതിയിൽ ഹർജി നൽകിയത്. സ്വാധീനത്തിന്റെ ഫലമാണ് ചാരക്കേസ് ഗൂഢാലോചനയെന്നും നമ്പി നാരായണൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്നും കൈമാറ്റം നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു . നാളെ കോടതി ഹർജി പരിഗണിക്കും.

അതേസമയം ഐ.എസ്.ആർ.ഒ ചാരക്കേസിൽ തുടക്കംമുതലുളള കേസ് ഡയറിയും ജയിൻ കമ്മിറ്റി റിപ്പോർട്ടും ഹാജരാക്കാൻ സി.ബി.ഐക്ക് കോടതി നിർദ്ദേശം നൽകി. കേസിലെ പ്രതിയായ സിബി മാത്യൂസിന്റെ ജാമ്യ ഹ‍ർജിയിൽ വാദം കേള്‍ക്കവേയാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ നിർദ്ദേശം. .

ജയിൻ കമ്മിറ്റി റിപ്പോർട്ട് സീൽ ചെയ്ത കവറിൽ നൽകാമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.ഐ.ബിയുടെ നിർദ്ദേശ പ്രകാരമാണ് നമ്പി നാരായണനെയും മാലി വനിതകളെയും ചാരക്കേസിൽ അറസ്റ്റ് ചെയ്തതെന്ന് സിബിമാത്യൂ കോടതിയിൽ വാദിച്ചു. ചാരക്കേസ് ശരിയായവിധം അന്വേഷിച്ചാൽ തെളിയുമെന്നും സി.ബി.ഐയുടെ ആദ്യ അന്വേഷണ റിപ്പോർട്ട് ചവറ്റുക്കൊട്ടയിൽ കളയണമെന്നും സിബിമാത്യൂസിന്റെ അഭിഭാഷകൻ പറഞ്ഞു.

കേസിൽ കക്ഷി ചേർന്ന് മാലി വനിതകളായ മറിയം റഷീദയെും ഫൗസിയ ഹസ്സനും സിബി മാത്യൂസിന്റെ ജാമ്യത്തെ എതിർത്തു. ജാമ്യ ഹർജിയിൽ വെള്ളിയാഴ്ച സി.ബി.ഐയുടെ വാദം കോടതി കേള്‍ക്കും.