സ്വർണ ക്വട്ടേഷൻ: ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന

Thursday 15 July 2021 12:12 AM IST

കണ്ണൂർ: കരിപ്പൂർ സ്വർണ ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ട് മുൻ സി.പി. എം പ്രവർത്തകനും കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയുമായ ആകാശ് തില്ലങ്കേരിയുടെ വീട്ടിൽ കസ്റ്റംസ് പരിശോധന. കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുമായി അടുത്ത ബന്ധമുള്ള പശ്ചാത്തലത്തിലാണ് മട്ടന്നൂരിനടുത്ത തില്ലങ്കേരിയിലെ വീട്ടിൽ കണ്ണൂർ കസ്റ്റംസ് ഓഫിസിലെ അസി. കമ്മിഷണർ ഇ. വികാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ആ സമയം ആകാശ് സ്ഥലത്തില്ലായിരുന്നു. മൊബൈൽ സ്വിച്ച് ഓഫായിരുന്നുവെന്നും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

സ്വർണ ക്വട്ടേഷൻ കേസിൽ അറസ്റ്റിലായ മറ്റു ചില പ്രതികൾക്കും ആകാശ് തില്ലങ്കേരിയുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തതിൽ നിന്നും ആകാശിന്റെ പങ്ക് സംബന്ധിച്ച സൂചന ലഭിച്ചുവെന്നും വിവരമുണ്ട്. ആകാശിനെതിരെ സ്വർണ ക്വട്ടേഷൻ കേസിൽ എഫ്.ഐ.ആർ ഉണ്ടായിരുന്നില്ല. അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്തെന്ന നിലയിലാണ് ആകാശ് ഈ മേഖലയിൽ അറിയപ്പെടുന്നത്. അർജുന്റെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തിയത് ഉൾപ്പെടെയുള്ളവയിലും ആകാശിന് പങ്കുണ്ടെന്നാണ് സൂചന.

ആദ്യമായാണ് സ്വർണ ക്വട്ടേഷൻ കേസിൽ അന്വേഷണം തില്ലങ്കേരിയിലേക്കെത്തുന്നത്. ഷുഹൈബ് വധത്തിന് ശേഷം ആകാശിനെ സി.പി.എം പുറത്താക്കിയെങ്കിലും കേസിൽ നിയമസഹായമടക്കം നൽകിയത് പാർട്ടിയാണെന്ന ആരോപണമുയർന്നിരുന്നു.

Advertisement
Advertisement