സ്വർണ ക്വട്ടേഷൻ: അജ്മൽ 27 വരെ റിമാൻഡിൽ

Thursday 15 July 2021 2:11 AM IST

കൊച്ചി: കരിപ്പൂർ സ്വർണക്വട്ടേഷൻ കേസിൽ മൂന്നാം പ്രതിയായ തലശേരി സ്വദേശി വി.കെ. അജ്മലിനെ ജൂലായ് 27 വരെ ജുഡിഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ദുബായിൽ നിന്ന് സ്വർണം കടത്തിയ സംഭവത്തിൽ അജ്മലിന് പങ്കുണ്ടെന്ന് കണ്ടെത്തിയ കസ്റ്റംസ് അന്വേഷണ സംഘം കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് ദുബായ് സ്വർണക്കടത്തു സംഘത്തിലെ അംഗമായ സലിമിനെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന് അജ്മൽ കസ്റ്റംസിനോടു സമ്മതിച്ചിരുന്നു. ജൂൺ 21 ന് ഷഫീഖ് കരിപ്പൂരിലേക്ക് കൊണ്ടുവന്ന സ്വർണം സലിം നൽകിയതാണ്. മുഹമ്മദ് എന്ന പേരിലാണ് ഷഫീഖുമായി സംസാരിച്ചിരുന്നതെന്നും തന്റെ അമ്മയുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് വിളിച്ചിരുന്നതെന്നും അജ്മൽ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. അർജ്ജുൻ ആയങ്കിയുടെ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ജീവനു തന്നെ ഭീഷണിയാകുമെന്നും ഇത്തരം ഗൂഢാലോചനകളിൽ നിന്ന് ഒഴിവാകണമെന്നും ഷഫീഖിനെ ഉപദേശിച്ചിരുന്നതായും അജ്മൽ കസ്റ്റംസിന് മൊഴി നൽകി. അന്വേഷണവുമായി അജ്മൽ സഹകരിക്കുന്നുണ്ടെന്നും ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും കസ്റ്റംസ് സൂപ്രണ്ട് ഇന്നലെ എറണാകുളത്തെ സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇൗ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി അജ്മലിനെ ജൂലായ് 27 വരെ റിമാൻഡ് ചെയ്തത്.

Advertisement
Advertisement